കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. 1500-ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അഫ്ഗാന്‍ പ്രകൃതി ദുരന്തനിവാരണ സഹമന്ത്രി മൗലവി ഷറഫുദ്ദീന്‍ കാബൂളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തെ ഉദ്ധരിച്ചാണ് വാര്‍ത്താ ഏജന്‍സികള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി. കിഴക്കന്‍ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ബര്‍മല, സിറുക്, നക, ഗയാന്‍ ജില്ലകളിലാണ് ചൊവ്വാഴ്ച രാത്രി ഭൂചലനമുണ്ടായത്. ഭൂചലന ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യകളായ നംഗര്‍ഹാര്‍, ഖോസ്റ്റ് എന്നിവിടങ്ങളിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കെട്ടിട അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നതും ആളുകള്‍ ആശുപത്രിയിലേക്ക് ഓടിയെത്തുന്നതുമായ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
തെക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് നഗരത്തില്‍നിന്നും 44 കിലോമീറ്റര്‍ അകലെ 51 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ അഫ്ഗാനിസ്ഥാനിലുണ്ടാകുന്ന ഏറ്റവും വലിയ ഭൂചലനമാണിത്. പാക്കിസ്ഥാന്‍റെ ചില ഭാഗങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു.