തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടിയുമായി മോട്ടോർവാഹനവകുപ്പ്. ‘ഓപ്പറേഷൻ റേസ്’ എന്ന പേരിൽ അടുത്ത രണ്ടാഴ്ച കർശന പരിശോധന നടത്തും. കുറ്റകൃത്യം ശ്രദ്ധയിൽപെട്ടാൽ കർശന നടപടി ഉണ്ടാകുമെന്നും മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി. ഇരുചക്രവാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു മോട്ടോര്‍ വാഹനവകുപ്പിന് നിര്‍ദ്ദേശം നല്‍കി.
‘പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കില്‍ നടത്തേണ്ടതാണ് മോട്ടോര്‍ റേസ്. ഇത് സാധാരണ റോഡില്‍ നടത്തി യുവാക്കള്‍ മരണമടയുന്നത് അടുത്തകാലത്തു വര്‍ധിച്ചു വരുന്നു. ചെറുപ്പക്കാരുടെ അപക്വമായ നടപടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ‘ഓപ്പറേഷന്‍ റേസ്’ എന്ന കര്‍ശന പരിശോധന ബുധനാഴ്ച ആരംഭിക്കും.
രൂപമാറ്റം വരുത്തിയും അമിതവേഗത്തില്‍ ഓടിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വാഹനങ്ങളുടെ റജിസ്ട്രേഷൻ, ഓടിക്കുന്നയാളിന്റെ ലൈസന്‍സ് എന്നിവ റദ്ദാക്കുകയും അവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്യും. പരിശോധനാ വേളയില്‍ നിര്‍ത്താതെ പോകുന്ന വാഹന ഉടമകളുടെ വിലാസത്തിൽ പിഴ ഈടാക്കും’-മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വിഴിഞ്ഞം മുക്കോല ബൈപാസില്‍ മത്സര ഓട്ടം നടത്തിയ രണ്ട് യുവാക്കൾക്ക് ജീവൻ നഷ്ടമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കുന്നത്.
രൂപമാറ്റം വരുത്തിയും അമിതവേഗത്തില്‍ ഓടിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വാഹനങ്ങളുടെ രജിസ്ട്രേഷനും ഓടിക്കുന്ന ആളിന്റെ ലൈസന്‍സും റദ്ദാക്കുകയും പിഴയീടാക്കുകയും ചെയ്യും. പരിശോധനാ വേളയില്‍ നിര്‍ത്താതെ പോകുന്ന വാഹന ഉടമകളുടെ വിലാസത്തിലെത്തി പിഴയീടാക്കും.
















