കൊളംബിയയിലെ ആദ്യ ഇടതുപക്ഷ പ്രസിഡന്റായി ഗുസ്താവോ പെട്രോ. കോടീശ്വരനായ കച്ചവടക്കാരൻ റൊഡോൾഫോ ഹെർണാണ്ടസിനെ പരാജയപ്പെടുത്തിയാണ് ഗുസ്താവോ പ്രസിഡൻ്റായത്.പഴയ ഗറില്ലാ പോരാളിയാണ് ഗുസ്താവോ.
ബൊഗോട്ടയുടെ മുൻ മേയറായ ഗുസ്താവോയ്ക്ക് ആകെ വോട്ടിൻ്റെ 50.4 ശതമാനം ലഭിച്ചപ്പോൾ റൊഡോൾഫോ ഹെർണാണ്ടസിന് 47.3 ശതമാനം വോട്ട് ലഭിച്ചു. “ഇന്ന് മുതൽ കൊളംബിയ മാറുകയാണ്. നമ്മുടെ ലക്ഷ്യത്തിലേക്ക് നയിക്കുന്ന ശരിയായ ഒരു മാറ്റം. സ്നേഹത്തിൻ്റെ രാഷ്ട്രീയം.”എന്ന് ഗുസ്താവോ പറഞ്ഞു.
പരിസ്ഥിതി പ്രവർത്തകയും ഫെമിനിസ്റ്റുമായ ഫ്രാൻസിയ മാർക്വേസ് കൊളംബിയയുടെ ആദ്യ കറുത്ത വർഗക്കാരിയായ വനിതാ വൈസ് പ്രസിഡൻ്റാവും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിരവധി ഭീഷണികൾ ഇവർക്കെതിരെ ഉയർന്നിരുന്നു.
















