തിരുവനന്തപുരം : കെ എസ് ആർ ടി സിയിൽ ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ചുള്ള ഇടത് സംഘടനകളുടെ സമരം ശക്തമാക്കി. സി ഐ ടി യുവിൻറെ നേതൃത്വത്തിലുള്ള സമര ഭാഗമായി കെ എസ് ആർ ടി സി ആസ്ഥാനം വളഞ്ഞു. ചീഫ് ഓഫിസിൻറെ അഞ്ച് ഗേറ്റുകളും ഉപരോധിച്ചു, ജീവനക്കാരനടക്കം ആരേയും ഓഫിസിലേക്ക് കയറ്റി വിടുന്നില്ല. വനിത ജീവനക്കാർ അടക്കം 300ലേറെ പേരാണ് സമരത്തിലുള്ളത്. സമരം തുടങ്ങും മുൻപ് എത്തിയ കൺട്രോൾ റൂം ജീവനക്കാർ മാത്രമാണ് ഇപ്പോൾ ഓഫിസിലുള്ളത്. അതേസമയം സമരം സർവീസുകളെ ബാധിക്കില്ലെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു.
ശന്പള വിതരണം കൃതമായി നടപ്പാക്കുക എന്നതടക്കം ആവശ്യപ്പെട്ടാണ് ജീവനക്കാരുടെ സമരം. മെയ് മാസത്തിലെ ശന്പള വിതരണം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. സി ഐ ടിയുവിൻറെ നേതൃത്വത്തിലുള്ള അനിശ്ചിതകാല സമരം ഇന്ന് 15ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
















