രാജ്യത്ത് ഇന്ധന ക്ഷാമമോ, വിതരണ പ്രശ്‌നങ്ങളോ ഇല്ലെന്ന് കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ. രാജ്യത്ത് പലയിടങ്ങളിലേയും പെട്രോൾ ഡീസൽ ലഭ്യത കുറവുണ്ടെന്ന വാർത്തകൾ പ്രചരിച്ച സാഹചര്യത്തിലാണ് കേന്ദ്രസർക്കാറിന്റെ പ്രതികരണം .കുടിശ്ശിക തീർക്കാൻ പമ്പുടമകളോട് വിതരണ കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ കുടിശ്ശികയുള്ള ഇടങ്ങളിൽ ഇന്ധന വിതരണം ചെറിയ രീതിയിൽ കുറച്ചിട്ടുണ്ട്. പെട്രോളിയം മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ആണ് ഇക്കാര്യം അറിയിച്ചത്.
എല്ലാ ഔട്ട്‌ലെറ്റുകളിലും ആവശ്യത്തിന് ഇന്ധനമുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. എല്ലാ സമയത്തും സേവനം നൽകാൻ ഇന്ത്യൻ ഓയിൽ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും ഐഒസി ഡയറക്ടർ പറഞ്ഞു.
രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നി സംസ്ഥാനങ്ങളിലെ നിരവധിയിടങ്ങളിൽ പെട്രോൾ പമ്പുകൾ വറ്റിവരണ്ടുവെന്നാണ് പ്രചരിച്ച വാർത്തകൾ. രാജസ്ഥാനിലെ സർക്കാർ പമ്പുകൾ അടക്കം 57 എണ്ണം വറ്റി, ഉത്തരാഖണ്ഡിൽ പെട്രോൾ ലഭ്യമല്ല. പെട്രോൾ പമ്പുകളിൽ നിന്നുള്ള ചിത്രങ്ങളും പ്രചരിച്ചിരുന്നു.ജയ്പൂരിൽ നിന്നും ഹിമാചൽ പ്രദേശിൽ നിന്നും സമാനമായ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
















