ദീർഘകാല അവധിക്ക് ആയി നാട്ടിലേക്ക് പോകുന്നവർക്ക് തങ്ങളുടെ വളർത്തുമൃഗങ്ങളെയും കൂടെക്കൊണ്ടുപോകാൻ അവസരമൊരുക്കി ഇത്തിഹാദ് എയർവേസ്. വൻതുക നൽകി കാർഗോവിമാനങ്ങളിലായിരുന്നു വളർത്തുമൃഗങ്ങളെ അയച്ചിരുന്നത്. എന്നാൽ തങ്ങളുടെ വളർത്തുനായയെയും പൂച്ചയേയും വിമാനയാത്രയിൽ ഇത്തിഹാദ് എയർവേസ്അനുവദിക്കുന്നുണ്ട്. വളർത്തുമൃഗങ്ങളെ കൂടെ കൂട്ടാൻ സാധിക്കാതെ അവയെ തനിച്ചാക്കി യാത്രചെയ്യുന്നവർക്ക് ഏറെ സന്തോഷം നൽകുന്ന കാര്യമാണിത്.
യാത്രയ്ക്ക് 72 മണിക്കൂറിന് മുൻപെങ്കിലും ഇത്തിഹാദ് വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം. 16 ആഴ്ചയെങ്കിലും പ്രായമുള്ള വളർത്തുമൃഗങ്ങൾക്ക് മാത്രമേ യാത്ര അനുവദിക്കുകയുള്ളു. മാത്രവുമല്ല യാത്രായോഗ്യമാണെന്ന് മൃഗഡോക്ടർ നൽകിയ സാക്ഷ്യപത്രത്തോടൊപ്പം അന്താരാഷ്ട്രനിയമം അനുസരിച്ചുള്ള യാത്രാരേഖകൾ ചെക്ക് ഇൻ സമയത്ത് ഹാജരാക്കണം. കൂടിന്റെയും മൃഗത്തിന്റെയും ഭാരം എട്ടുകിലോയിൽ കൂടാൻ പാടില്ല. മൃഗത്തിന്റെ പേര്, ഇനം, ജനനതീയതി, മൈക്രോചിപ്പ് നമ്പർ, ഹെൽത്ത് സർട്ടിഫിക്കറ്റ്, വാക്സിൻ സർട്ടിഫിക്കറ്റ് എന്നിവ കയ്യിൽ കരുതണം തുടങ്ങിയ നിബന്ധനകളും പാലിച്ചിരിക്കണം.
മൂന്നുവശങ്ങളിലും വായുസഞ്ചാരമുള്ള, ചോർച്ചയില്ലാത്ത, അടച്ചുറപ്പുള്ള കൂട്ടിലിരിക്കണം വളർത്തുമൃഗത്തെ കൊണ്ടുപോകുന്നത്. സീറ്റിനടിയിലായിട്ടാണ് ഇവർക്കുള്ള സൗകര്യം. പ്രത്യേക സീറ്റ് വേണമെങ്കിൽ അധികതുക നൽകി ബുക്ക് ചെയ്യണം. യാത്രയിലുടനീളം വളർത്തുമൃഗം കൂട്ടിൽ ആയിരിക്കണം. പ്രത്യേക സീറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ 50x43x50 സെന്റീമീറ്റർ വരെ കൂടിന് വലിപ്പമാകാം. .ആറുമണിക്കൂറിൽ കൂടുതലാണ് യാത്രയെങ്കിൽ 920 ദിർഹവും ആറുമണിക്കൂറിൽ കുറവുള്ള യാത്രയ്ക്ക് 550 ദിർഹവുമാണ് യാത്ര നിരക്ക്.
















