കോൺഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരായ ഇഡിയുടെ ചോദ്യം ചെയ്യൽ നടപടിയെ ശക്തമായി എതിര്‍ത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ പകവീട്ടാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്നാണ് സ്റ്റാലിന്‍ ആരോപിച്ചത്.
സാധാരണക്കാരെ ഞെരുക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മറുപടിയില്ലാത്തതിനാലാണ് കേന്ദ്രസര്‍ക്കാര്‍ ഈ വിധത്തില്‍ ജനശ്രദ്ധ തിരിക്കാന്‍ നോക്കുന്നതെന്നും രാഷ്ട്രീയ എതിരാളികളെ നേരിടേണ്ടത് രാഷ്ട്രീയമായി തന്നെയാണെന്നും സ്റ്റാലിന്‍ ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നാഷണൽ ഹെറാൾഡ് കേസിൽ രാഹുലിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കൾ അറസ്റ്റിലായിരുന്നു .
















