സംസ്ഥാനത്ത് നാളെ മുതല്‍ നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. ന്യുനമര്‍ദ്ദപാത്തിയും അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീനവുമാണ് മഴയ്ക്ക് കാരണം. കേന്ദ്ര കാലാവസ്ഥ വകുപ്പ്നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.
വ്യാഴാഴ്ച ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച ഇടുക്കി പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
















