വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ബംഗ്ലാദേശ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എംബിബിഎസ് വിദ്യാർത്ഥി വിദഗ്ധ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക്. ജമ്മു കശ്മീർ സ്വദേശി ഷോയ്ബ് ലോണിനെയാണ് ബംഗ്ലാദേശിലെ ആശുപത്രിയിൽ നിന്നും കേന്ദ്രസർക്കാർ എയിംസിലേക്ക് മാറ്റിയത്. ഷോയ്ബിനെ എയർലിഫ്റ്റ് ചെയ്ത് ഡൽഹിയിലെ എയിംസിലേക്ക് അയച്ചു. ജമ്മു കശ്മീർ ബിജെപി പ്രസിഡന്റ് രവീന്ദർ റെയ്നയാണ് ഇക്കാര്യം പറഞ്ഞത്.
രജൗരി ജില്ലയിലെ രവീന്ദർ റെയ്നയുടെ സന്ദർശനത്തിനിടെയാണ് ഷോയിബ് ചികിത്സയിൽ കഴിയുന്ന വിവരം ഷോയിബിന്റെ പിതാവ് വഴി അറിഞ്ഞ റെയ്‌ന പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു. വിദ്യാർത്ഥിയുടെ കുടുംബത്തിന് എല്ലാ വിധ സഹായവും ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിളിച്ചിരുന്നു.ചികിത്സയുടെ ചിലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്നും റെയ്‌ന അറിയിച്ചു.ബംഗ്ലാദേശിൽ നിന്നും ഷോയിബിന്റെ ചികിത്സ ഡൽഹിയിലേക്ക് മാറ്റിയതിൽ പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ചു.

ജമ്മുവിലെ രജൗരി ജില്ലയിലാണ് ഷോയിബ് ലോൺ താമസിക്കുന്നത്. ധാക്കയിലെ ബാരിൻഡ് മെഡിക്കൽ കോളേജിൽ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ് ഷോയിബ്. ജൂൺ 3 ന്, കോളേജിലെ മറ്റ് രണ്ട് സുഹൃത്തുക്കളോടൊപ്പം അപകടത്തിൽപ്പെടുകയായിരുന്നു. അതിൽ ഒരാൾ മരിക്കുകയും ഷോയിബ് ഉൾപ്പെടെ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
















