ചെന്നൈ: തമിഴകത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല. വിവാഹിതരായ ശരണ്യ – മോഹൻ എന്നീ ദമ്പതികളെയാണ് വധുവിന്‍റെ സ്വന്തം സഹോദരൻ തന്നെ ക്രൂരമായി വെട്ടികൊലപ്പെടുത്തിയത്. ഇന്നലെ വൈകിട്ടോടെ വിരുന്ന് നൽകാനെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയാണ് ഇരുവരെയും ബന്ധുക്കൾ വെട്ടിവീഴ്ത്തിയത്. ഇതനുസരിച്ച് വീട്ടിൽ എത്തിയ ശരണ്യയെയും മോഹനെയും സഹോദരനായ ശക്തിവേൽ, ബന്ധു രഞ്ജിത് എന്നിവർ ചേർന്ന് വെട്ടിക്കൊല്ലുകയായിരുന്നു. രണ്ട് ജാതിവിഭാഗങ്ങളിൽപ്പെട്ടവരാണ് ശരണ്യയും മോഹനും. കൊലപാതകത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയിരിക്കുകയാണ്.
അഞ്ച് ദിവസം മുമ്പ് മാത്രമാണ് ശരണ്യയും മോഹനും വിവാഹിതരായത്. കുംഭകോണത്തിനടുത്തുള്ള ചോളപുരത്തെ തുളുക്കവേലി സ്വദേശിയായിരുന്നു ശരണ്യ. 31-കാരനായ മോഹനും 22-കാരിയായ ശരണ്യയും തിരുനെൽവേലിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യവേയാണ് ഇവർ കണ്ടുമുട്ടുന്നത്.
















