മലയാള സമകാലിക സാഹിത്യരംഗത്തെയും വായനാസമൂഹത്തെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് പ്രശസ്ത സാഹിത്യകാരനും ചലച്ചിത്ര തിരക്കഥാകൃത്തുമായ ഉണ്ണി ആറിനെതിരെ അതീവ ഗുരുതരമായ കഥാമോഷണ ആരോപണം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഉണ്ണി ആര് രചിച്ച് പ്രസിദ്ധീകരിച്ച ‘ശാര്‍ദ്ദൂല നിഗ്രഹം’ എന്ന കഥ, താന്‍ നേരത്തെ എഴുതി കലാകൗമുദിയില്‍ അച്ചടിച്ചുവന്ന ‘ഒറ്റയ്ക്കൊരു സ്ത്രീ’ എന്ന കഥയുടെ തുടക്കവും കേന്ദ്ര ആശയവും അതേപടി പകര്‍ത്തിയതാണെന്ന് ആരോപിച്ച് എഴുത്തുകാരന് ബി.എന്‍. റോയ് രംഗത്തെത്തി.
മാതൃഭൂമി പത്രാധിപ സമിതിക്ക് താന്‍ നേരത്തെ അയച്ചുകൊടുത്ത കഥയുടെ ഇ-മെയില്‍ തെളിവുകളും ഇരു കഥകളുടെയും പ്രാരംഭ ഭാഗങ്ങളും നിരത്തി ബി.എന്‍. റോയ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച തുറന്നെഴുത്ത് ഇതിനകം സാംസ്ക്കാരിക-സാഹിത്യ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.
മാതൃഭൂമിക്ക് അയച്ചു, മറുപടിയില്ല; ഒടുവില്‍ കലാകൗമുദിയില്‍ അച്ചടിച്ചു. 2025 സെപ്റ്റംബര്‍ 16-നാണ് ‘ഒറ്റയ്ക്കൊരു സ്ത്രീ’ എന്ന കഥ പ്രസിദ്ധീകരണത്തിനായി ബി.എന്‍. റോയ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഔദ്യോഗിക ഇ-മെയിലിലേക്ക് അയച്ചുകൊടുക്കുന്നത്. രണ്ടു മാസം കഴിഞ്ഞിട്ടും പത്രാധിപ സമിതിയില്‍ നിന്ന് യാതൊരു മറുപടിയോ പ്രതികരണമോ ലഭിക്കാത്തതിനെത്തുടര്‍ന്ന്, 2025 ഡിസംബര്‍ ആദ്യവാരം റോയ് ഈ രചന ‘കലാകൗമുദി’ ആഴ്ചപ്പതിപ്പിന് നല്‍കുകയായിരുന്നു. 2026 ജനുവരി 11-18 ലക്കത്തില്‍ മനോഹരമായ ചിത്രീകരണങ്ങളോടെ കലാകൗമുദി ഈ കഥ പ്രസിദ്ധീകരിക്കുകയും വായനക്കാര്‍ക്കിടയില്‍ അത് വലിയ തോതില്‍ പ്രശംസിക്കപ്പെടുകയും ചെയ്തു.
വായനക്കാരെ ഞെട്ടിക്കുന്ന തരത്തിലുള്ള പ്രമേയ സാമ്യമാണ് ഇരു കഥകളും തമ്മിലുള്ളതെന്നാണ് സാഹിത്യ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നത്. എല്ലാ ആഴ്ചകളിലും ഒരേ കത്തി വില്‍പ്പനക്കാരന്റെ പക്കലെത്തി പുതിയ കത്തികള്‍ വാങ്ങുന്ന വിചിത്ര സ്വഭാവമുള്ള ഒരു യുവതിയും, അവളോട് ഇതിന്റെ കാരണം ചോദിച്ചറിയാന്‍ ശ്രമിക്കുന്ന വില്‍പ്പനക്കാരനും തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.
ബി.എന്‍. റോയിയുടെ കഥയുടെ അതേ പശ്ചാത്തലവും തുടക്കവുമാണ് മാസങ്ങള്‍ക്ക് ശേഷം മാതൃഭൂമിയില്‍ വന്ന ഉണ്ണി ആറിന്റെ ‘ശാര്‍ദ്ദൂല നിഗ്രഹം’ എന്ന കഥയിലും കാണാന്‍ സാധിക്കുന്നത്. പുതിയ കാലത്തിന്റെ ജനപ്രിയ എഴുത്തുകാരനും സിനിമാലോകത്ത് പേരെടുത്ത വ്യക്തിയുമായ ഉണ്ണി ആറിനെപ്പോലൊരാള്, വളര്‍ന്നുവരുന്ന ഒരു എഴുത്തുകാരന്റെ കഥാപാത്രത്തെയും സന്ദര്‍ഭത്തെയും സ്വന്തം പേരിലേക്ക് എങ്ങനെ സ്വാംശീകരിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്.
സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ പരാതികള്‍ പങ്കുവെക്കുന്ന ശൈലി തനിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ബി.എന്‍. റോയ് നിലപാട് വ്യക്തമാക്കിയത്. ‘ഒരേ ആശയമുള്ള കഥ ആദ്യം മാതൃഭൂമിയുടെ ഡെസ്കിന് മുന്നിലെത്തിയിട്ടും എന്നെ തഴഞ്ഞിട്ട്, അതേ ആശയം പറഞ്ഞ മറ്റൊരാള്‍ക്ക് അവസരം നല്‍കിയതിലൂടെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ നിലപാട് എന്താണെന്ന് വ്യക്തമായിക്കഴിഞ്ഞു. ഇത് മനഃപൂര്‍വ്വമായ അപഹരണമാണെങ്കില് എന്നോട് മാത്രമല്ല, എഴുത്തുകാരോടും അനുവാചകരോടും ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് പറയാതിരിക്കാന്‍ വയ്യ.’ – ബി.എന്‍. റോയ് ഫേസ്ബുക്കില്‍ കുറിച്ചു.
മാതൃഭൂമിക്ക് കഥ അയച്ചതിന്റെ ഔദ്യോഗിക സ്ക്രീന്‍ഷോട്ടുകളും ഇരു കഥകളുടെയും ഉള്ളടക്കവും റോയ് ഫേസ്ബുക്കില്‍ പങ്കെവെച്ചിട്ടുണ്ട്. പ്രമുഖ എഴുത്തുകാരുടെ പേരുകള്‍ മാത്രം നോക്കി ഉള്ളടക്കം തിരഞ്ഞെടുക്കുകയും, സാധാരണക്കാരായ എഴുത്തുകാരുടെ മൗലിക രചനകള്‍ ഡെസ്കുകളില്‍ വെച്ചുതാമസിപ്പിച്ച് ആശയങ്ങള്‍ ചോര്‍ത്തുകയും ചെയ്യുന്ന രീതി ചില പ്രസിദ്ധീകരണങ്ങളില്‍ നിലനില്‍ക്കുന്നുണ്ടെന്ന ആക്ഷേപം മുന്‍പും മലയാള സാഹിത്യത്തില്‍ ഉയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ ഉണ്ണി ആറോ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപ സമിതിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ബി.എന്‍, റോയിയുടെ കുറിപ്പ്
പ്രിയപ്പെട്ടവരെ,
ഞാനൊരിക്കലും എന്റെ പരാതികളൊ ദുഃഖങ്ങളോ സോഷ്യല്‍ മീഡിയ ഫ്ലാറ്റുഫോമുകളില്‍ പങ്കുവയ്ക്കാറില്ല.ഇപ്പോള്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരു സാഹചര്യം എന്റെ എഴുത്തുജീവിതത്തില്‍ സംജാതമായത് നിങ്ങളോടു പറയാതെ പോകുന്നത് ശരിയല്ലെന്നു തോന്നി( ഇതിനു മുമ്പും സംഭവിച്ചിട്ടുണ്ട് എന്തിനെന്ന ചോദ്യം സ്വയം ചോദിച്ചു അതില്‍നിന്നുമൊക്കെ ഞാന്‍ പിന്വാങ്ങുകയാണു ചെയ്തിട്ടുള്ളതാണ്) Sep 16/2025 നു മാതൃഭൂമി ആഴ്ചപ്പതിപ്പിന് ഞാന്‍ അയച്ചുകൊടുത്ത കഥയാണ് ‘ഒറ്റയ്ക്കൊരു സ്ത്രീ . രണ്ടു മാസം കഴിഞ്ഞും മറുപടി ലഭിക്കാത്തതിനാല്‍ ആ കഥ ഡിസംബര്‍ ആദ്യവാരം കലാകൗമുദിക്ക് അയച്ചു കൊടുത്തു .അവര്‍ അത് മികച്ച ഇല്ലസ്ട്രേഷനോടെ 2026 ജനുവരി ആദ്യവാരം പ്രസിദ്ധീകരിക്കുകയും ആ കഥയെക്കുറിച്ച് മികച്ച അഭിപ്രായം വായനക്കാര്‍ എന്നോടു പങ്കുവയ്ക്കുകയും ചെയ്തതാണ്.അതെ കഥയുടെ ആദ്യഭാഗവും ആശയവും അതുപോലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ `ശാര്‍ദ്ദൂല നിഗ്രഹം ‘എന്നപേരില്‍ കഴിഞ്ഞവാരം കഥയായി പ്രസിദ്ധീകരിക്കപ്പെട്ടതു പലരും എന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും രണ്ടുപേര്‍ ഫേസ്ബുക്കില്‍ അതിനെക്കുറിച്ച് എഴുതുകയും ചെയ്തിട്ടുണ്ട്.പണ്ടും ഇതുപോലെ സംഭവിച്ചിട്ടുള്ളതിനാല്‍ എനിക്ക് ഇത് അത്ഭുതമായി തോന്നിയില്ല.ഇത് മനപൂര്‍വ്വമായ അപഹരമാണെങ്കില് എന്നോടുമാത്രമല്ല എഴുത്തുകാരോടും അനുവാചാകരോടും ചെയ്യുന്ന കടുത്ത ദ്രോഹമാണെന്നു പറയാതിരിക്കാന്‍ വയ്യ.ഒരേ ആശയം ഉള്ള കഥ ആദ്യം മാതൃഭൂമിയുടെ ഡെസ്കിനു മുന്നിലെത്തിയിട്ടും എന്നെ തഴഞ്ഞിട്ട് അതെ ആശയം പറഞ്ഞ മറ്റൊരാള്‍ക്ക് അവസരം നല്‍കിയതിലൂടെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ നിലപാട് എന്താണെന്നു വ്യക്തമായി കഴിഞ്ഞു.പ്രിയ സൗഹൃദങ്ങള്‍ക്കും അനുവാചകര്‍ക്കും ബോധ്യപ്പെടാന്വേണ്ടി കഥ അയച്ചുകൊടുത്ത മെയലിന്റെ സ്ക്രീന്‍ ഷോട്ട് ഇരു കഥകളുടെയും ആദ്യഭാഗവും ചുവടെ ചേര്‍ക്കുന്നു ഒപ്പം അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.















