സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശന്റെ അധ്യക്ഷതയില്‍ നാളെ നിര്‍ണായക യോഗം ചേരും. രാവിലെ 9.30ന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. 23 തൊഴിലാളി സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. തൊഴില്‍ മന്ത്രിയും ലേബര്‍ കമ്മീഷണറും ചര്‍ച്ചയുടെ ഭാഗമാകും. ലേബര്‍ കോഡ് നടപ്പാക്കാന്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ടെങ്കിലും വ്യവസ്ഥകളില്‍ തൊഴിലാളി സംഘടനകള്‍ക്കുള്ള ആശങ്കകളും എതിര്‍പ്പുകളും പരിഹരിച്ചശേഷം മാത്രമേ മുന്നോട്ടുപോകൂ എന്ന നിലപാടിലാണ് സര്‍ക്കാര്‍. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടായിരിക്കും ലേബര്‍ കോഡ് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.
ലേബര്‍ കോഡിലെ ചില വ്യവസ്ഥകള്‍ തൊഴിലാളിവിരുദ്ധമാണെന്ന വിലയിരുത്തലും സര്‍ക്കാരിനുണ്ട്. ഇത്തരം വ്യവസ്ഥകള്‍ ഒഴിവാക്കിയോ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയോ എങ്ങനെ കോഡ് നടപ്പാക്കാമെന്ന കാര്യമാണ് നാളത്തെ യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക. അതേസമയം, ലേബര്‍ കോഡ് നടപ്പാക്കരുതെന്നും പകരം സംസ്ഥാനത്ത് പ്രത്യേക നിയമനിര്‍മാണം നടത്തണമെന്നുമാണ് തൊഴിലാളി സംഘടനകളുടെ പ്രധാന ആവശ്യം. ലേബര്‍ കോഡുമായി ബന്ധപ്പെട്ട് മുന്‍ സര്‍ക്കാര്‍ സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഗോപാല്‍ ഗൗഡയുടെ അധ്യക്ഷതയില്‍ നിയോഗിച്ച കമ്മീഷന് മാര്‍ച്ചില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാരണം റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് വിവരം.
തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് നിയമനിര്‍മാണം നടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ ഈ ആവശ്യം മുന്നോട്ടുവച്ചിരുന്നു.















