കൊച്ചി: മുൻ മന്ത്രി കെടി ജലീലിന്‍റെ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് രാവിലെ ഹർജി പരിഗണിക്കുക. രഹസ്യമൊഴി നൽകിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിറകിലെന്നും കലാപശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നുമാണ് സ്വപ്ന സുരേഷ് ഉയർത്തുന്ന വാദം.
മുഖ്യമന്ത്രിയും കുടുംബവും മുൻ മന്ത്രിമാരും അടക്കം കോൺസുലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ കോടതിയിൽ പറഞ്ഞതിലുള്ള പ്രതികാരമാണ് കേസിന് പിറകിലെന്നും മൊഴി തിരുത്താൻ മുഖ്യമന്ത്രിയിൽ നിന്നടക്കം ഭീഷണിയുണ്ടെന്നും ഹർജിയിൽ സ്വപ്ന ആരോപണം ഉയർത്തുന്നുണ്ട്.
















