തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരിപാടികളിൽ നിന്നും കറുത്ത മാസ്ക് ഊരി വയ്പ്പിച്ചതെന്തിന്? പൊതുജനങ്ങളിൽ നിന്ന് അടക്കം കറുത്ത മാസ്ക് നീക്കം ചെയ്യിച്ചതിൽ നാല് ജില്ലാ എസ്പിമാരോട് ഡിജിപി അനിൽകാന്ത് വിശദീകരണം തേടി. കണ്ണൂർ, കോഴിക്കോട്, കോട്ടയം, തൃശ്ശൂർ എന്നീ ജില്ലകളിലെ എസ്പിമാരോടാണ് വിശദീകരണം തേടിയത്. സംഭവം വിവാദമായതോടെ കറുത്ത മാസ്ക് വയ്ക്കരുതെന്ന വിലക്കില്ലായിരുന്നുവെന്നാണ് പൊലീസ് അനൗദ്യോഗികമായെങ്കിലും വിശദീകരിക്കുന്നത്.
വ്യാപക പ്രതിഷേധം ഉയർന്നതോടെ ഇന്നലെയാണ് കറുപ്പ് മാസ്കിനുള്ള അപ്രഖ്യാപിത നിരോധനം പൊലീസ് പിൻവലിച്ചത്. അതേസമയം, കണ്ണൂരിൽ ഇന്നലെ മുഖ്യമന്ത്രി പങ്ക് എടുത്ത ചടങ്ങുകളിൽ കറുപ്പ് മാസ്ക് അഴിപ്പിച്ചില്ല.
















