തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധത്തെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ഇ പി ജയരാജൻ വാ പോയ കോടാലിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമര്‍ശിച്ചു. യൂത്ത് കോൺഗ്രസ് ഭാരവാഹികളാണ് വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചത്. മുഖ്യമന്ത്രി കണ്ണാടിക്കൂട്ടില്‍ നിന്നാലും പ്രതിഷേധിക്കുമെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
പ്രതിഷേധക്കാരെ കൈകാര്യം ചെയ്യാൻ ഇ പി ജയരാജൻ ആരാണെന്ന് ചോദിച്ച കെ സുധാകരൻ, ഞങ്ങളുടെ കുട്ടികളെ കൈകാര്യം ചെയ്താൽ പ്രത്യാഘാതം ഗുരുതരമാകുമെന്നും വെല്ലുവിളിച്ചു. ജയരാജൻ ശിക്ഷിച്ചാൽ ജയരാജനെ ശിക്ഷിക്കും. ജയരാജനെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേതാക്കളുടെ അറിവോടെയല്ല കുട്ടികളുടെ വികാരം. മദ്യപിച്ചിട്ടില്ല എന്ന് കണ്ടാൽ ജയരാജൻ മാപ്പ് പറയുമോ എന്നും കെ സുധാകരന്‍ ചോദിച്ചു. സംഭവത്തില്‍ പരാതി നൽകാൻ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















