കണ്ണൂർ: സ്വർണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടിക്കറ്റെടുത്തത് 36000 രൂപയ്ക്ക്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഒരാൾക്ക് 12000 രൂപ നിരക്കിലാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ ടിക്കറ്റ് എടുത്തത്. മൂന്ന് പേരാണ് യാത്ര ചെയ്തത്.
ഫർസീൻ മജീദ്. സുനിത് നാരായണൻ, നവീൻ കുമാർ എന്നിവർ ഇന്ന് രാവിലെയാണ് സമരം നടത്തിയത്. ഇന്റിഗോ വിമാനത്തിലാണ് പ്രതിഷേധം നടത്തിയത്. മൂന്ന് പേരും വിമാനത്തിൽ പ്രതിഷേധിക്കാനായി കയറിയെന്ന് മുൻകൂട്ടി യൂത്ത് കോൺഗ്രസ് നേതാക്കൾ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
എന്നാൽ പൊലീസ്, ഇവർ ആർസിസിയിലേക്ക് രോഗിയെ കാണാൻ പോകുന്നവരാണ് എന്ന നിലപാടിലായിരുന്നു. ഏറെ വൈകി അസ്വാഭാവികത തോന്നിയ പൊലീസ് ഇവരുടെ വിവരം എടുക്കുമ്പോഴേക്കും മൂന്ന് പേരും സെക്യൂരിറ്റി പരിശോധന കഴിഞ്ഞ് ഇന്റിഗോ വിമാനത്തിന് ഉള്ളിൽ കയറിയിരുന്നു. വിവരം അപ്പോൾ തന്നെ പൊലീസ് വിമാനത്താവളത്തിന്റെ സുരക്ഷ നിർവഹിക്കുന്ന സിഐഎസ്എഫിനെ അറിയിച്ചുവെന്നാണ് ഇപ്പോൾ പൊലീസിലെ ഉന്നതർ പറയുന്നത്.
















