തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചവർ സി.ഐ.എസ്.എഫ് കസ്റ്റഡിയിൽ. എയർപോർട്ട് അതോറിറ്റിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ പൊലീസ് കേസെടുക്കും. ഏത് വകുപ്പ് ചുമത്തണമെന്ന കാര്യത്തിൽ നിയമപരിശോധന നടത്തും. ഇവരെ വലിയതുറ പൊലീസിന് കൈമാറും.
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍ദ്ദീന്‍ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍ എന്നിവരാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി വിമാനത്തിനുള്ളിലെത്തിയത്. കറുത്ത വസ്ത്രമണിഞ്ഞാണ് ഇവര്‍ വിമാനത്തിനുള്ളിലെത്തിയത്. വിമാനത്തിനകത്ത് മുഖ്യമന്ത്രിക്കൊപ്പം എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും ഉണ്ടായിരുന്നു. പ്രതിഷേധിച്ചവരില്‍ ഒരാളെ ഇ.പി ജയരാജന്‍ തള്ളിയിട്ടു.
അതേസമയം യുവാക്കളെ വിമാനത്തില്‍ പ്രവേശിപ്പിച്ചതില്‍ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നാണ് എയർപോർട്ട് എസ് എച്ച് ഒ പറഞ്ഞു. മുഖ്യമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്ത് വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരെയും പരിശോധിച്ചിരുന്നെന്നും ഈ യുവാക്കളുടെ ആവശ്യം ന്യായമായിരുന്നു. അതാണ് കയറ്റി വിട്ടതെന്നാണ് എയർപോർട്ട് പൊലീസ് ആവർത്തിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം നൽകിയതായും എയർപോർട്ട് പൊലീസും പറയുന്നു.
മുഖ്യമന്ത്രിക്ക് തലസ്ഥാനത്ത് വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. എട്ട് എ.സി.പിമാരും 13 സി.ഐമാരും അടക്കം 400 പൊലീസുകാരെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചത്. തിരുവനന്തപുരം സിറ്റിയിലെ മുഴുവൻ അസിസ്റ്റന്റ് കമ്മീഷണർമാരും മുഖ്യമന്ത്രിയുടെ സുരക്ഷാർത്ഥം രംഗത്തുണ്ട്. വിമാനത്താവളം മുതൽ മുഖ്യമന്ത്രിയുടെ വസതിവരെ റോഡിന് ഇരുവശത്തുമായി പൊലീസ് സുരക്ഷയൊരുക്കും.
അതേസമയം മുഖ്യമന്ത്രിക്ക് പിന്തുണ അറിയിച്ച് സിപിഎം പ്രവർത്തകരും വിമാനത്താവളത്തിലുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്ത് പ്രവർത്തകരോട് പുറത്തു പോകാൻ പൊലീസ് ആവശ്യപ്പെട്ടു. പൊലീസ് നിർദേശത്തെ തുടർന്ന് സിപിഎം പ്രവർത്തകർ പുറത്തുപോവുകയായിരുന്നു.
















