മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം തടയാന്‍ കറുത്ത മാസ്‌കിനും വസ്ത്രത്തിനും വിലക്കേര്‍പ്പെടുത്തില്ലെന്ന് പൊലീസ്. കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ പരിപാടികളില്‍ പങ്കെടുക്കാനെത്തുമ്പോള്‍ പൊതുജനങ്ങളുടെ കറുത്ത മാസ്‌ക് അഴിപ്പിക്കില്ലെന്നാണ് പൊലീസ് പറയുന്നത്.കൊച്ചിയിലും മലപ്പുറത്തും ഉള്‍പ്പെടെ പൊലീസിന്റെ അമിതമായ ഇടപെടലുകള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് കണ്ണൂരില്‍ കറുപ്പിനുള്ള വിലക്ക് അവസാനിപ്പിക്കുന്നത്.
കണ്ണൂരിലും കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്കായി ഒരുക്കിയിരിക്കുന്നത്. 700 ലധികം പൊലീസുകാരെ ജില്ലയിലുടനീളം വിന്യസിച്ചിട്ടുണ്ട്. ഒരു പൊതുപരിപാടിയില്‍ മാത്രമാണ് പങ്കെടുക്കുന്നതെങ്കിലും ചെറിയ പ്രതിഷേധം പോലും ഒഴിവാക്കാന്‍ കനത്ത ജാഗ്രതയിലാണ് പൊലീസ്. റോഡരികുകളില്‍ ഉള്‍പ്പെടെ കരിങ്കൊടി പ്രതിഷേധം തടയാന്‍ തയ്യാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞു.
കണ്ണൂരിൽ ഇന്ന് രാവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പ് കോളേജിന്റെ ഉദ്ഘാടന പരിപാടിയിലാണ് അദ്ദേഹം പങ്കെടുക്കുക. കോളേജ് പരിസരത്തും റോഡുകളിലും ഉള്‍പ്പെടെ കനത്ത സുരക്ഷ ഒരുക്കാനാണ് പൊലീസിന്റെ തീരുമാനം.ഇന്നലെ രാത്രിയോടെ കണ്ണൂരെത്തിയ മുഖ്യമന്ത്രി പിണറായിയിലെ വീട്ടിലേക്ക് പോയിരുന്നില്ല. ഗസ്റ്റ് ഹൗസിലായിരുന്നു താമസം. വീട്ടില്‍ സുരക്ഷ ഒരുക്കാനുള്ള ബുന്ധിമുട്ട് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ രാത്രി തങ്ങാന്‍ തീരുമാനിച്ചത്.
















