പത്തനംതിട്ട: കറുപ്പ് കണ്ടാൽ വിറളി പിടിക്കുന്ന സ്ഥിതിയിലേക്ക് പോലീസ് മാറിയിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സാധാരണക്കാരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട കേരളത്തിലെ പോലീസ് സേനയിലെ മുഴുവൻ പേരെയും മുഖ്യമന്ത്രി യാത്ര ചെയ്യുന്ന സ്ഥലങ്ങളിൽ വഴിനീളെ നിയമിച്ചിരിക്കുകയാണ്. കറുപ്പു കണ്ടാൽ വിറളി പിടിക്കുന്ന സ്ഥിതിയിലേക്ക് പോലീസ് മാറിയിരിക്കുകയാണെന്നും വി മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
സ്വപ്ന പുറത്തു വിട്ടിട്ടുള്ള കാര്യങ്ങൾ മുഖ്യമന്ത്രിക്ക് പരിഭ്രാന്തിയുണ്ടാക്കിയിട്ടുണ്ടെന്നും അതാണ് അദ്ദേഹത്തിന്റെ സമനില തെറ്റിയിട്ടുള്ള പെരുമാറ്റത്തിന് കാരണമെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.
ഇതുവരെ കണ്ടിട്ടില്ലാത്ത ഫാഷിസ്റ്റ് രീതിക്കാണ് ഇപ്പോള്‍ കേരളം സാക്ഷ്യം വഹിക്കുന്നത്. ഹിറ്റ്‌ലറെപ്പോലും നാണിപ്പിക്കുന്ന രീതിയിലാണ് കേരളത്തില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. മുഖ്യമന്ത്രി പോകുന്ന വഴിയില്‍ ആര്‍ക്കും കറുപ്പ് എന്ന നിറം തന്നെ പാടില്ലെന്നാണ് സമീപനം. കേരളം വലിയ പൗരബോധമുള്ള ഒരു സമൂഹമാണ്. അങ്ങനെയൊരു സമൂഹത്തോട് എത്രകാലം ഇങ്ങനെ മുഖ്യമന്ത്രി പോകുന്ന വഴിയില്‍ കറുത്ത മാസ്‌ക് പോലും ധരിക്കാന്‍ പാടില്ലെന്ന സമീപനത്തോടെ മുന്നോട്ടു പോകാന്‍ പറ്റുമെന്നും മുരളീധരന്‍ചോദിച്ചു.
‘എന്തിനാണ് പിണറായി വിജയന്‍ ഇങ്ങനെ സ്വയം നാണം കെടുന്നത്. ഇത്രയും പൊലീസുകാരുടെ നടുവില്‍ നിന്ന് അദ്ദേഹം പറയുന്നു, എന്നോടു വിരട്ടല്‍ വേണ്ടാ എന്ന്. കേരളത്തിലെ ജനങ്ങളെ ഇങ്ങനെ അപഹസിക്കേണ്ട കാര്യമുണ്ടോ?. അതുകൊണ്ടു മുഖ്യമന്ത്രി സ്വയം അപഹാസ്യനാകരുത്. ഈ പ്രതിഷേധങ്ങളെ ഒന്നും നേരിടാന്‍ ധൈര്യം ഇല്ലെങ്കില്‍ അദ്ദേഹത്തിന് സ്വസ്ഥമായി ക്ലിഫ് ഹൗസില്‍ തന്നെ ഇരിക്കാം. അല്ലെങ്കില്‍ ജനങ്ങളുടെ പ്രതിഷേധത്തെ നേരിട്ടുകൊണ്ടു മുന്നോട്ടുപോകാം, അതുമല്ലെങ്കില്‍ രാജി വയ്ക്കുക.
ഭരണാധികാരികളായാല്‍ ഉളുപ്പ് എന്നത് അല്‍പമെങ്കിലും വേണമെന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹം തന്നെ പറഞ്ഞതാണ്. ആ വിഡിയോ കയ്യിലുണ്ടെങ്കില്‍ അത് ഒരിക്കല്‍ കൂടി കാണുന്നതു നന്നായിരിക്കും. ഉളുപ്പ് ലവലേശമെങ്കിലും ഉണ്ടെങ്കില്‍ അദ്ദേഹം രാജിവയ്ക്കട്ടെ. അന്വേഷണത്തില്‍ അദ്ദേഹത്തിനെതിരെ ഒന്നും ഇല്ലെങ്കില്‍ തിരിച്ചുവരാമല്ലോ’- മുരളീധരന്‍ ചോദിച്ചു.
















