കോഴിക്കോട്: മുഖ്യമന്ത്രിയുടെ പരിപാടിയിൽ കോഴിക്കോടും കറുത്ത മാസ്കിന് വിലക്ക്. കറുത്ത മാസ്കോ വസ്ത്രങ്ങളോ ധരിക്കരുതെന്ന് പൊലീസ് നിർദേശമുണ്ടെന്നാണ് സംഘാടകർ പറയുന്നത്. മലപ്പുറത്തെ രണ്ട് പരിപാടികൾക്കും ശേഷം ഉച്ച കഴിഞ്ഞാണ് മുഖ്യമന്ത്രി കോഴിക്കോട്ടേക്ക് എത്തുന്നത്. 700 ലേറെ പൊലീസുകാരെ വിന്യസിച്ചാണ് മലപ്പുറത്ത് കേരളാ പൊലീസ് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയതെങ്കിൽ 500 ലേറെ പൊലീസുകാരെയാണ് കോഴിക്കോട് വിന്യസിക്കുക.
11 ഡിവൈഎസ്പി മാരും 30 എസ് ഐമാരും സുരക്ഷയ്ക്ക് മേൽനോട്ടം വഹിക്കും. രാമനാട്ടുകര മുതൽ മാഹി വരെ പൊലീസിനെ വിന്യസിക്കും. ഉച്ചമുതൽ വേദികളുടെ നിയന്ത്രണം പൊലീസ് ഏറ്റെടുക്കും. ഉച്ചയ്ക്ക് 3.30ന് ട്രൈപ്പന്‍റ ഹോട്ടലിൽ നടക്കുന്ന പുസ്തക പ്രകാശനമാണ് മുഖ്യമന്ത്രിയുടെ കോഴിക്കോട്ടെ ആദ്യപരിപാടി. തുടർന്ന് നാലുമണിക്ക് ജില്ല സഹകരണ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക് ഉദ്ഘാടനം നടക്കും. 5.30ന് കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. പരിപാടികൾക്ക് ഒരു മണിക്കൂർ മുമ്പേ എത്തുന്നവരെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളൂ എന്നാണ് നിര്‍ദ്ദേശം. മാധ്യമ പ്രവർത്തകർക്കുൾപ്പെടെ ഈ നിയന്ത്രണം ബാധകമാണ്.
പന്തീരാങ്കാവിൽ വെച്ച് യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി. കോഴിക്കോട് റസ്റ്റ് ഹൌസിലുളള മുഖ്യമന്ത്രിക്ക് ഡിസിപിയുടേയും ഡിവൈഎസ്‍പിമാരുടേയും നേതൃത്വത്തില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തവനൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത ജയില്‍ ഉദ്ഘാടന പരിപാടിയില്‍ എത്തിയവരോട് കറുത്ത മാസ്ക് മാറ്റാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. പകരം പൊലീല് അവര്‍ക്ക് മഞ്ഞ മാസ്ക് നല്‍കി.
കനത്ത സുരക്ഷയ്ക്കിടയിലും മുഖ്യമന്ത്രിക്കെതിരെ ഇന്നും പ്രതിപക്ഷ പ്രതിഷേധമുണ്ടായി. പ്രതിപക്ഷ യുവജന സംഘടനകളുടെ കനത്ത പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ തുടരുകയാണ്. മലപ്പുറത്ത് തവനൂർ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനമായിരുന്നു ആദ്യ പരിപാടി. തൃശൂരില്‍ നിന്ന് കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രി ഇവിടെ എത്തിയത്. വഴികളടച്ചാണ് മുഖ്യമന്ത്രിക്ക് പൊലീസ് സുരക്ഷ ഒരുക്കിയത്.
കുറ്റിപ്പുറം മിനി പമ്പയില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധിച്ചു. ബാരിക്കേഡ് തകർക്കാന്‍ ശ്രമിച്ച പൊലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയതിന് ശേഷം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
















