തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്ന ആരോപണം അന്വേഷിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകളെ പറ്റി ചോദിച്ചപ്പോൾ താൻ കേരളത്തെ ഏറെ ഇഷ്ടപ്പെടുന്നു, ഈ ജോലിയും ഇഷ്ടപ്പെടുന്നു എന്നായിരുന്നു ഗവർണറുടെ മറുപടി.
സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിക്കെതിരെയുളള സ്വപ്ന സുരേഷിന്റെ ആരോപണങ്ങളുടെ പേരിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാണ്. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ടുള്ള സമരത്തിലാണ് പ്രതിപക്ഷ സംഘടനകൾ. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്തിയത്. ഈ സുരക്ഷാക്രമീകരണങ്ങൾ പൊതുജനങ്ങളെ വലച്ചുകൊണ്ടുള്ളതാണെന്ന് ആരോപണം ഉയരുന്നുണ്ട്.
















