പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് ബിജെപി വക്താവ് നുപുർ ശർമ ടെലിവിഷനിൽ നടത്തിയ പരാമർശം അന്താരാഷ്ട്രതലത്തിൽ വരെ വലിയ വിവാദമായിരുന്നു. മുഹമ്മദ് നബിയെ കടുത്ത ഭാഷയിൽ വിമർശിച്ചു കൊണ്ട് ശർമ നടത്തിയ പ്രസ്താവന ഗൾഫ് രാജ്യങ്ങളെയടക്കം ചൊടിപ്പിക്കുകയും ഇന്ത്യയ്ക്കെതിരെ പ്രസ്താവന നടത്താൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്രതലത്തിൽ കേന്ദ്രസർക്കാർ സമ്മർദം നേരിടുമ്പോൾ പോലും നുപുർ ശർമയെ അനുകൂലിച്ചുകൊണ്ട് നിരവധി ബിജെപി പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ രംഗത്തുവന്നിരുന്നു. ഇന്ത്യയെ വിമർശിച്ചുകൊണ്ട് വിദ്വേഷപരമായ ട്വീറ്റുകൾ കുറിച്ച അറബ് രാഷ്ട്രങ്ങൾ ഇതിനോടകം അവ നീക്കം ചെയ്തിട്ടുണ്ട് എന്ന വാദവും ശർമ അനുകൂലികൾ ഉയർത്തുന്നത് കണ്ടെത്താനായി. ‘ഇന്ത്യക്കെതിരെ ഉള്ള വിദ്വേഷ ട്വീറ്റുകൾ നീക്കം ചെയ്ത് അറബ് രാഷ്ട്രങ്ങൾ… മോദിജിയോട് കളിച്ചാൽ ഭക്ഷണത്തിന് വേറെ വഴി നോക്കേണ്ടി വരുമെന്ന് അറബികൾക്ക് വൈകിയാണ് മനസ്സിലായത്…”, എന്ന കുറിപ്പുമടങ്ങുന്ന പോസ്റ്റാണ് പലരും പങ്കുവെച്ചത്. എന്നാൽ പ്രചരിക്കുന്ന വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി.
അറബ് രാഷ്ട്രങ്ങൾ നൽകിയ ചില ട്വീറ്റുകൾ;
The Ministry of Foreign Affairs Summons the Indian Ambassador and Hands Him an Official Note on Qatar’s Total Rejection and Condemnation of the Remarks of an Official in the Ruling Party in India Against Prophet Mohammed#MOFAQatar pic.twitter.com/rp7kMnWXdu
— Ministry of Foreign Affairs – Qatar (@MofaQatar_EN) June 5, 2022
#Statement | The Ministry of Foreign Affairs expresses its condemnation and denunciation of the statements made by the spokeswoman of the #Indian Bharatiya Janata Party (#BJP), insulting the Prophet Muhammad peace be upon him. pic.twitter.com/VLQwdXuPuq
— Foreign Ministry 🇸🇦 (@KSAmofaEN) June 5, 2022
വിഷയത്തിൽ നടപടി ആവശ്യപ്പെട്ടുകൊണ്ടും നീരസം അറിയിച്ചുകൊണ്ടും വിവിധ അറബ് രാഷ്ട്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നൽകിയ പ്രതികരണങ്ങൾ ഇപ്പോഴും ബന്ധപ്പെട്ട പേജുകളിൽ ലഭ്യമാണ്. ഇന്ത്യ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, തങ്ങളുടെ പ്രതിഷേധം അറിയിച്ചുകൊണ്ടും പലയിടങ്ങളിലായി മുസ്ലിം, അറബ് രാഷ്ട്രങ്ങൾ രംഗത്തുവന്നിരുന്നു. സമൂഹ മാധ്യമങ്ങൾ വഴി പ്രതിഷേധം അറിയിക്കുകയും ഇന്ത്യയോട് നടപടി ആവശ്യപ്പെടുകയും ചെയ്ത മുസ്ലിം രാജ്യങ്ങളുടെ പട്ടിക ഗൂഗിളിൽ പരിശോധിച്ചപ്പോൾ ജൂൺ ഏഴിന് ‘ദ് വയർ’ നൽകിയ റിപ്പോർട്ട് കണ്ടെത്താനായി. ബിജെപി നേതാവിന്റെ പ്രസ്താവനയിൽ അമർഷം അറിയിച്ച 20 രാഷ്ട്രങ്ങളുടെയും സംഘടനകളുടെയും വിവരങ്ങൾ അടങ്ങിയ റിപ്പോർട്ടായിരുന്നു ഇത്. ഇവിടെനിന്നും സമൂഹമാധ്യമങ്ങളിലൂടെയും ഇന്ത്യയെ തങ്ങളുടെ പ്രതിഷേധം അറിയിച്ച രാജ്യങ്ങൾ ഏതൊക്കെയാണെന്ന് കൃത്യമായി മനസ്സിലാക്കാനാകും. പ്രസ്തുത രാഷ്ട്രങ്ങൾ ഇപ്പോഴും ട്വീറ്റുകളും പോസ്റ്റുകളും പിൻവലിച്ചിട്ടില്ല. ഇതോടെ പ്രവാചകനിന്ദ വിഷയത്തിൽ ഇന്ത്യയെ പരാമർശിച്ച് അറബ് രാഷ്ട്രങ്ങൾ നൽകിയ ട്വീറ്റുകൾ നീക്കംചെയ്തു എന്ന വാദം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.