തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാത്രി താമസിക്കുന്ന തൃശൂർ രാമനിലയത്തിന് മുന്നിൽ സംഘർഷം. രാമനിലയത്തിലേക്ക് തള്ളിക്കയറാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചു. മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു.
പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ, പോലീസിന് നേരെ പ്രവർത്തകർ കൊടി കെട്ടിയ വടി എറിഞ്ഞു. സംഘർഷം വർധിക്കാതിരിക്കാൻ സ്ഥലത്ത് കൂടുതൽ പോലീസുകാരെ വിന്യസിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന തൃശൂരിലെ രാമനിലയം സർക്കാർ ഗെസ്റ്റ് ഹൗസിലും കനത്ത പൊലീസ് കാവലാണ് ഇന്ന് ഏര്‍പ്പെടുത്തിയിരുന്നത്. ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നു.
കൊച്ചിയില്‍ കറുത്ത മാസ്ക് ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തരോട് അത് നീക്കാന്‍ നിര്‍ദേശം നൽകിയതും, മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വേഷത്തിന് വിലക്ക് ഏർപ്പെടുത്തിയതും കടുത്ത പ്രതിഷേധത്തിനു വഴിവച്ചിരുന്നു. മുഖ്യമന്ത്രി പോകുന്ന വഴിയില്‍ ഗതാഗതം നിരോധിച്ചു.
















