തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരേ വ്യാജ പ്രചരണങ്ങൾ നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വര്‍ണം അയച്ചവരെയും സ്വീകരിച്ചയാളെയും എല്ലാവര്‍ക്കും അറിയാം. എന്നാൽ, അന്വേഷണ ഏജന്‍സി ഇവരെ പിടിച്ചില്ല. സമരങ്ങളെ ജനങ്ങളെ രംഗത്തിറക്കി നേരിടുമെന്നും കോടിയേരി പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാമെന്ന മോഹം നടക്കാതായപ്പോളാണ് പുതിയ തിരക്കഥയുണ്ടാക്കാൻ ചിലരുടെ നീക്കമെന്നും കോടിയേരി വിമര്‍ശിച്ചു. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന് ബന്ധമുണ്ടെന്ന് വ്യാപകമായി പ്രചരിക്കപ്പെട്ടു. എന്നാല്‍ ചോദ്യം ചെയ്തപ്പോള്‍ മുഖ്യമന്ത്രിക്കോ ഓഫിസിനോ ബന്ധമില്ലെന്ന് സ്വപ്ന മൊഴി നല്‍കിയതാണെന്നും കോടിയേരി പറഞ്ഞു.
മതനിന്ദ നടത്തുന്നത് തെറ്റാണെന്ന് പറയാൻ ബിജെപി തയ്യാറാകുന്നില്ല. ഇന്ത്യ മതാധിഷ്ഠിത രാജ്യമായി മാറുകയാണ്. ഭൂരിപക്ഷ വർഗ്ഗീയതയെ ആയുധം കൊണ്ട് തോൽപ്പിക്കാമെന്ന് ചിലർ കരുതുന്നു. കമ്യൂണിസ്റ്റ് ആശയങ്ങൾ കൊണ്ടാണ് അതിനെ തോൽപ്പിക്കാനാവുക. കോൺഗ്രസ്, എസ് ഡി പി ഐ, പോപ്പുലർ ഫ്രണ്ട് എല്ലാവരും കൂടി ഒരു മുന്നണിയാവുകയാണ്. ആര്‍എസ്എസിനെ എല്ലവിധത്തിലും യുഡിഎഫ് പ്രോത്സാഹിപ്പിക്കുകയാണ്. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയം കളിച്ചാൽ നാട് തകരും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനോട് കൂടി എല്‍ഡിഎഫിന്‍റെ കഥ കഴിക്കാമെന്ന് കരുതി. എന്നാല്‍ അത് നടന്നില്ല. ഇതിനായി എല്‍ഡിഎഫ് വിരുദ്ധ ശക്തികളെ ഏകോപിപ്പിച്ചു. മാധ്യമങ്ങൾ അവരുടെ കൂടെ കൂടി. ഒരവസരം കിട്ടാൻ കാത്തിരിക്കുകയാണ് എതിരാളികൾ. എന്നാല്‍ എല്ലാം ചീറ്റിപ്പോയപ്പോൾ പുതിയ കഥയുമായി ഇറങ്ങിയിരിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
















