തൃശൂർ: ശനിയാഴ്ച രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന തൃശൂരിലെ രാമനിലയത്തിലും കനത്ത പോലീസ് കാവൽ. പ്രതിഷേധം നേരിടാൻ ജലപീരങ്കി അടക്കം ഒരുക്കിയിട്ടുണ്ട്.
രാമനിലയത്തിലേക്കുള്ള വഴികളെല്ലാം പോലീസ് നിയന്ത്രണത്തിലാണ്. ശനിയാഴ്ച വൈകുന്നേരം എറണാകുളം ചെല്ലാനത്തെ പരിപാടിക്ക് ശേഷമായിരിക്കും മുഖ്യമന്ത്രി തൃശൂർ രാമനിലയത്തിലേക്ക് എത്തുക.
കൊച്ചിയില്‍ കറുത്ത മാസ്ക് ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തരോട് അത് നീക്കാന്‍ നിര്‍ദേശം നൽകിയതും, മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വേഷത്തിന് വിലക്ക് ഏർപ്പെടുത്തിയതും കടുത്ത പ്രതിഷേധത്തിനു വഴിവച്ചിരുന്നു. മുഖ്യമന്ത്രി പോകുന്ന വഴിയില്‍ ഗതാഗതം നിരോധിച്ചു.
ദേശീയ പാതയിലൂടെയാണ് മുഖ്യമന്ത്രി തൃശൂരിലേക്ക് വരുന്നത്. പ്രതിഷേധങ്ങളുടെ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹത്തെ ദേശീയപാതയോരങ്ങളിലും ഒരുക്കിയിട്ടുണ്ട്.
അതേസമയം, കറുത്ത മാസ്ക്കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ് വിശദീകരിച്ചു. കോട്ടയത്തും ജനത്തെ വലച്ചാണു മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കായി സുരക്ഷ ഒരുക്കിയത്. കനത്ത സുരക്ഷയിലും കോൺഗ്രസിന്റെയും ബിജെപിയുടെയുടെയും നേതൃത്വത്തിൽ കരിങ്കൊടി പ്രതിഷേധം അരങ്ങേറി.
















