തിരുവനന്തപുരം: എം.ആര് അജിത് കുമാറിനെ വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്ന് മാറ്റി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആഭ്യന്തര വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു.
സ്വപ്ന സുരേഷ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. വിജിലന്‍സ് ഐജി എച്ച്. വെങ്കിടേഷിന് പകരം ചുമതല നല്കി. അജിത്ത് കുമാറിന് പുതിയ ചുമതല നല്‍കിയിട്ടില്ല.
വിജിലൻസ് മേധാവി എം ആർ അജിത് കുമാർ, ലോ ആന്റ് ഓർഡർ എഡിജിപി എന്നിവരുമായി ഷാജ് കിരൺ നിരന്തരം സംസാരിച്ചെന്ന് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. സർക്കാറിനെയും പൊലീസിനെയും പ്രതികൂട്ടിലാക്കുന്ന ആരോപണം പുറത്ത് വന്ന് ഒരു ദിവസമായിട്ടും ദൂതനായി എത്തിയ ഷാജ് കിരണിന്റെ മൊഴി എടുക്കാൻ പോലും പൊലീസ് തയ്യറായിട്ടില്ല. ആരോപണത്തിന്റെ വാസ്തവം പുറത്ത് കൊണ്ടുവരേണ്ടത് പൊലീസാണ്. അന്വേഷണവുമായി സഹകരിക്കാമെന്ന് ഷാജ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതുവരെ പൊലീസ് ബന്ധപ്പെട്ടിട്ടില്ലെന്ന് ഷാജ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കോടിയേരി ബാലകൃഷ്ണനുമെതിരെയും ഗുരുതര ആരോപണങ്ങൾ സ്വപ്ന ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടേയും കോടിയേരിയുടേയും ഫണ്ടുകൾ വിദേശത്ത് പോകുന്നത് ബിലീവേഴ്സ് ചർച്ച് മുഖേനെയാണെന്ന് സ്വപ്നാ സുരേഷ് പറഞ്ഞു മാധ്യമങ്ങളോട് താനും ഷാജ് കിരണും തമ്മിലുള്ള ശബ്ദരേഖ പുറത്ത് വിടുന്നതിനിടെയാണ് സ്വപ്ന ഇക്കാര്യം പറഞ്ഞത്. ശബ്ദരേഖയിൽ പിണറായി വിജയന്റെ പാർട്ണർ താനാണെന്ന് ഷാജ് അവകാശപ്പെടുന്നത് കേൾക്കാം. ഫോബ്സ് മാസികയുടെ പട്ടികയിൽ കേരളത്തിലെ ഏറ്റവും സമ്പന്നൻ പിണറായി വിജയനാണെന്ന് ഷാജ് പറയുന്നതും കേൾക്കാം.
















