നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ചവരെ അറസ്റ്റ് പാടില്ലെന്നും കോടതി പറഞ്ഞു. യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിലും അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസിലുമാണ് വിജയ് ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. ഈ രണ്ടു കേസുകളിലും വിജയ് ബാബുവിന്റെ അറസ്റ്റ് കോടതി ഇന്നുവരെ തടഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച ആണ് വിജയ് ബാബു വിദേശത്ത് നിന്നും കൊച്ചിയിലെത്തിയത്.
ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെതെന്നും ബ്ലാക്ക്മെയിലിംഗിന്റെ ഭാഗമായുള്ള പരാതിയാണെന്നുമാണ് വിജയ് ബാബുവിന്റെ വാദം. സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കേസിന് കാരണമെന്നും വിജയ്ബാബു പറഞ്ഞു. എന്നാല്‍ വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യണമെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കോടതി നിര്‍ദേശിച്ച പ്രകാരം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നായിരുന്നു വിജയ് ബാബുവിന്റെ പക്ഷം.
















