യുഎസിലെ വടക്കന്‍ മേരിലാന്‍ഡില്‍ ഒരു ഫാക്ടറിയിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വെടിയുതിര്‍ത്ത അക്രമിയെ പോലീസ് ജീവനോടെ പിടികൂടി.മേരിലാന്‍ഡിലെ കോണ്‍ക്രീറ്റ് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കൊളംബിയ മെഷീന്‍ ഫാക്ടറിയിലാണ് വെടിവെപ്പ്. ഇവിടുത്തെ ജീവനക്കാരനാണോ അക്രമിയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അക്രമിയെ നേരിട്ട പോലീസുകാരില്‍ ഒരാള്‍ക്ക് പരിക്കുണ്ട്. മറ്റു പ്രശ്‌നങ്ങള്‍ ഇല്ലെന്നും അദ്ദേഹം അറിയിച്ചു. വെടിവയ്പ്പിനുള്ള കാരണം അറിവായിട്ടില്ല. അന്വേഷണത്തില്‍ പോലീസുമായി സഹകരിക്കുന്നുണ്ടെന്ന് കൊളംബിയ മെഷീന്‍ വക്താവ് പറഞ്ഞു. കമ്പനിയുടെ വെബ്സൈറ്റ് അനുസരിച്ച് 100-ലധികം രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് കോണ്‍ക്രീറ്റ് നിര്‍മ്മാണ ഉപകരണങ്ങള്‍ ഇവര്‍ വിതരണം ചെയ്യുന്നു.
പെന്‍സില്‍വാനിയ സ്റ്റേറ്റ് ലൈനിന് സമീപമുള്ള വടക്കന്‍ മേരിലാന്‍ഡിലെ സ്മിത്ത്‌സ്ബര്‍ഗിലെ സംഭവസ്ഥലത്തേക്ക് പ്രതിനിധികളെ അയച്ചതായി യുഎസ് ബ്യൂറോ ഓഫ് ആല്‍ക്കഹോള്‍, ഫയര്‍ആംസ് ആന്‍ഡ് എക്പ്‌ളോസിവ്‌സിന്റെ ബാള്‍ട്ടിമോര്‍ ഓഫീസ് ട്വിറ്ററില്‍ അറിയിച്ചു.
















