സ്വപ്ന സുരേഷിനെ പരിചയമുണ്ടെന്ന് ഷാജ് കിരൺ. മൊഴി മാറ്റിപ്പറയാൻ സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സ്വപ്‌ന വിളിച്ചതിനെ തുടർന്നാണ് പാലക്കാട്ടെ ഓഫീസിലെത്തിയതെന്നും ഷാജി കിരൺ പറഞ്ഞു. സുരക്ഷ കണക്കിലെടുത്ത് വിഡ്ഢിത്തം കാണിക്കരുതെന്നാണ് സ്വപ്‌നയോട് പറഞ്ഞത്. മുഖ്യമന്ത്രിയേയും കോടിയേരിയേയും അടക്കം ഒരു സിപിഎം നേതാക്കളേയും പരിചയമില്ലെന്നും ഷാജ് കിരൺ വ്യക്തമാക്കി.
മുഖ്യമന്ത്രിയ്ക്ക് വേണ്ടി താൻ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്‌ന പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ല. ആകെ 32, 000 രൂപ മാത്രമാണ് തന്റെ അക്കൗണ്ടിലുള്ളത്. സുഹൃത്തിന്റെ പേരിലുള്ള വാഹനത്തിലാണ് സ്വപ്‌നയുടെ അടുത്ത് ഇന്നലെ പോയത്. താൻ കൊട്ടാരക്കര സ്വദേശിയാണ്. ഷാജ് കിരൺ എന്നാണ് യഥാർത്ഥ പേര്. സുഹൃത്തുക്കൾ തന്നെ വിളിക്കുന്നത് ഷാജി കിരൺ എന്നാണെന്നും ഇയാൾ പറഞ്ഞു .
സ്വപ്‌നയെ പരിചയപ്പെട്ടത് ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷമാണ്. സ്വപ്‌നയുമായുള്ളത് സൗഹൃദം മാത്രമാണ്. അവരുടെ സുരക്ഷ കണക്കിലെടുത്ത് ഉപദേശം നൽകുക മാത്രമാണ് ചെയ്തത്. ദിവസവും ഫോണിൽ വിളിച്ച് സംസാരിക്കാറുണ്ട്. സ്വപ്‌നയുടെ മൊഴി തിരുത്താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും കെപി യോഹന്നാന്റെ സ്ഥാപനവുമായി ഒരു ബന്ധവുമില്ലെന്നും ഷാജ് കിരൺ പറഞ്ഞു.
















