ചലച്ചിത്ര സംവിധായിക ആയിഷ സുൽത്താനയ്ക്കെതിരായ തുടർ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. ‘ജൈവായുധ’ പരാമർശത്തിന്റെ പേരിലുള്ള രാജ്യദ്രോഹ കേസുകളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ സ്റ്റേ. സുപ്രീം കോടതി ഉത്തരവു ചൂണ്ടിക്കാട്ടി തനിക്കെതിരെ കേന്ദ്രസർക്കാരും ലക്ഷദ്വീപ് ഭരണകൂടവും ചാർത്തിയ കേസുകൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ആയിഷ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കേന്ദ്ര സർക്കാർ ലക്ഷദ്വീപുകാർക്കു നേരെ ജൈവായുധം പ്രയോഗിച്ചതായി 2021 ജൂൺ 7ലെ ചാനൽ ചർച്ചയിൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ആയിഷയ്ക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേലിനെതിരെ ബയോ വെപ്പൺ എന്ന പദം പ്രയോഗിച്ചതിനാണ് ആയിഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. കേസ് കൊടുത്ത ലക്ഷദ്വീപുകാരനായ ബിജെപി നേതാവ് ജനിച്ച് മണ്ണിനെ ഒറ്റിക്കൊടുക്കുമ്പോൾ താൻ ജനിച്ച മണ്ണിന് വേണ്ടി പൊരുതിക്കൊണ്ടിരിക്കുമെന്നും ആയിഷ അന്ന് ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചത്.
















