പന്ത്രണ്ട് പേരുടെ വധശിക്ഷ ഒന്നിച്ച് നടപ്പിലാക്കി ഇറാന്‍. തെക്കു കിഴക്കൻ ഇറാനിലെ ജയിലിലാണ് 12 തടവുകാരെ വധശിക്ഷയ്ക്ക് ഒരുമിച്ച് വിധേയരാക്കിയത്. ഇതില്‍ 11 പുരുഷന്മാരുടെ ഒരു സ്ത്രീയും ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോർട്ട് .
തിങ്കളാഴ്ച രാവിലെ അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള സിസ്റ്റാൻ-ബലൂചെസ്ഥാൻ പ്രവിശ്യയിലെ സഹെദാൻ എന്നയിടത്തെ ജയിലിലാണ് ഇവരെ തൂക്കിലേറ്റിയത്. ഇവരില്‍ ആറുപേര്‍ കൊലക്കുറ്റത്തിനും ബാക്കിയുള്ളവര്‍ മയക്കുമരുന്ന് കേസിലുമാണ് ശിക്ഷിക്കപ്പെട്ടത്. അവരെല്ലാം ബലൂച്ച് വംശീയ ന്യൂനപക്ഷത്തിലെ അംഗങ്ങളാണ് എന്നാണ് റിപ്പോര്‍ട്ട്.
സുന്നി മുസ്ലീംങ്ങളാണ് ബലൂച്ച് വംശജര്‍. ഇറാന്‍ ഷിയ ഭൂരിപക്ഷ രാജ്യമാണ്.വധശിക്ഷയ്ക്ക് വിധേയായ സ്ത്രീ ഗാർഗിജ് എന്ന കുടുംബപ്പേരിലാണ് അറിയപ്പെടുന്നത്. ഇവരുടെ മുഴുവന്‍ പേര് ലഭ്യമല്ല. ഇവര്‍ ഭർത്താവിനെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട് 2019 ലാണ് ജയിലില്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ട്.
ഇറാനിലെ വംശീയ-മത ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് വടക്കുപടിഞ്ഞാറൻ കുർദുകൾ, തെക്കുപടിഞ്ഞാറ് അറബികൾ, തെക്കുകിഴക്ക് ബലൂച്ച് എന്നിവര്‍ ഇറാന്‍ ഭരണകൂടം നിരന്തരം വധശിക്ഷകൾ നല്‍കുന്നുവെന്നാണ് വിവിധ മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്.
















