സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളുടെയും ട്രാവലറുകളുടെയും ഉള്‍വശം ഡാന്‍സിങ് ഫ്‌ളോറുകളാക്കി മാറ്റാന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. ഉയര്‍ന്ന ശേഷിയുള്ള ശബ്ദസംവിധാനവും ഇത്തരം വാഹനങ്ങളില്‍ വേണ്ട. ഇത്തരം സംവിധാനങ്ങളുള്ള വാഹനങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഉത്തരവ്.
സുരക്ഷാമാനദണ്ഡം പാലിക്കാത്ത വാഹനങ്ങളെക്കുറിച്ച് പരാതി നല്‍കാന്‍ ഓരോ ജില്ലയിലെയും ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് നമ്പറുകള്‍ പ്രസിദ്ധീകരിക്കണം. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കാണ് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയത്. വാട്‌സാപ്പ് നമ്പറുകള്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നതിനു പുറമേ മോട്ടോര്‍വാഹന വകുപ്പിന്റെ വെബ്സൈറ്റിലും നല്‍കണം.
ടൂറിസ്റ്റ് ബസുകള്‍, ട്രാവലറുകള്‍ തുടങ്ങിയവയുടെ യൂട്യൂബ് പ്രൊമോ വീഡിയോകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ കഴിഞ്ഞ ജനുവരിയിലടക്കം ഉത്തരവിട്ടിട്ടും നടപ്പാക്കുന്നതില്‍ മോട്ടോര്‍വാഹനവകുപ്പും പോലീസും വീഴ്ചവരുത്തുകയാണെന്നും ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
















