തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷനേതാവിന്റെ ഈ പ്രസ്താവന.
സിപിഎം-ബിജെപി ഒത്തുതീര്‍പ്പിലാണ് സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം അവസാനിപ്പിച്ചത്. അതിന് ഇടനിലക്കാരുടെ സാന്നിധ്യവുമുണ്ടായിരുന്നു. ആ ആരോപണങ്ങളെല്ലാം ഇപ്പോള്‍ ശരിയായിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.
ഗുരുതരമായ ആരോപണങ്ങളുയർന്ന സാഹചര്യത്തിൽ നിലവിൽ ആ സ്ഥാനത്ത് ഇരിക്കാൻ മുഖ്യമന്ത്രി യോഗ്യനല്ല. മുഖ്യമന്ത്രി രാജി വയ്ക്കണം. സ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണം നേരിടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കേന്ദ്ര, സംസ്ഥാന അന്വേഷണ ഏജൻസികൾ മാത്രമല്ല, കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമാണ് നടക്കേണ്ടത്. അന്വേഷണം സത്യസന്ധമായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരത്തെ സഭയിൽ ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ അതിന് അനുമതി ലഭിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഇപ്പോഴത്തെ വെളിപ്പെടുത്തലിന് സമാനമായ ഒരു സ്റ്റേറ്റ്മെന്റ് കസ്റ്റംസ് കോടതിയിൽ ഒരു പ്രതി 164 പ്രകാരം മൊഴിനൽകിയിരുന്നു. ആ സ്റ്റേറ്റ്മെന്റിൽ ഇവിടെ നിന്ന് കറൻസി കൊണ്ടുപോയത് അടക്കമുള്ള കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ആ വിഷയം നിയമസഭയിൽ ചർച്ചചെയ്യണമെന്ന് രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും നിഷേധിക്കുകയാണ് ഉണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.
















