തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്കു വെളിപ്പെടുത്തി സ്വപ്‌ന സുരേഷ് മൊഴി നൽകിയതോടെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ഒരു മുഖ്യമന്ത്രിയും ഇതുവരെ സ്വര്‍ണക്കള്ളക്കടത്തില്‍ പ്രതിയായിട്ടില്ലെന്ന് പറഞ്ഞ സുധാകരന്‍ ഒരു മുഖ്യമന്ത്രി ബിരിയാണി പാത്രത്തില്‍ സ്വര്‍ണം കടത്തിയെന്ന് ആദ്യമായി കേള്‍ക്കുകയാണെന്നും പറഞ്ഞു. മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരുന്നത് ആ കസേരക്കും ജനാധിപത്യസംവിധാനത്തിനും അപമാനമാണെന്നും കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു മുഖ്യമന്ത്രിയും ഇതുവരെ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പ്രതിയായിട്ടില്ല. കോടികള്‍ അടിച്ചുമാറ്റിപോയിട്ടുണ്ട്, ദുര്‍വിനിയോഗം കാട്ടിയിട്ടുണ്ട്, അഴിമതി കാണിച്ചിട്ടുണ്ട്. പക്ഷേ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഒരു മുഖ്യമന്ത്രി പങ്കാളിയാകുന്നത് ഇതാദ്യത്തെ സംഭവമാണ്. ബിരിയാണി പാത്രത്തില്‍ ഭാരമുള്ള സാധനം കൊണ്ടുവന്നു എന്നാണ് സ്വപ്ന പറഞ്ഞത്. ഒരു മുഖ്യമന്ത്രി ബിരിയാണി പാത്രത്തില്‍ സ്വര്‍ണം കടത്തിയെന്ന് ആദ്യമായി കേള്‍ക്കുകയാണ്. ഇതിനേക്കാള്‍ അപമാനകരമായ സംഭവം ഉണ്ടാകുമോ എന്ന് ഈ നാട് ആലോചിക്കേണ്ടതാണ്.
കേസുമായി ബന്ധപ്പെട്ട് ബി ജെ പി നേതാക്കളുമായി ധാരണയിൽ എത്തി. ഇ ഡി യുടെ അന്വേഷണം സുതാര്യമായിരുന്നില്ല. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ സാധിക്കുമോ എന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിക്കണം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇന്നേവരെ ഒരു മുഖ്യമന്ത്രിയും ഇതുപോലെ ഭീകരമായ അഴിമതിക്കേസില്‍ പ്രതിയായി ജനങ്ങള്‍ക്ക് മുന്നില്‍ തലകുനിച്ച് നിന്നിട്ടില്ല. അതുകൊണ്ട് തന്നെ ആത്മാഭിമാനം ഉണ്ടെങ്കില്‍ സ്വപ്‌ന സുരേഷിന്റെ ആരോപണം അതിജീവിക്കും വരെ പൊതുരംഗത്ത് നിന്ന് മാറിനില്‍ക്കാനുള്ള സാമാന്യ ജനാധിപത്യവിവേകം അദ്ദേഹം കാണിക്കണം.
മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരുന്നത് ആ കസേരക്കും ജനാധിപത്യസംവിധാനത്തിനും അപമാനമാണെന്നും സുധാകരന്‍ പറഞ്ഞു. കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം. അല്ലെങ്കില്‍ ഈ കേസൊക്കെ തേഞ്ഞുമാഞ്ഞുപോകും. സ്വപ്‌നയുടെ ആരോപണത്തില്‍ അന്വേഷണം നടക്കട്ടെയെന്നും സത്യാവസ്ഥ കണ്ടെത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെയാണ് ഇതാദ്യമായി സ്വപ്ന ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ദുബൈയിലേക്കു പോയപ്പോൾ മറന്നുവച്ച കറൻസിയടങ്ങുന്ന ബാഗ് താൻ ദുബൈയിലെത്തിച്ചിരുന്നുവെന്നും എം ശിവശങ്കറിന്റെ നിർദേശപ്രകാരമായിരുന്നു ഇതെന്നുമാണ് പുതിയ വെളിപ്പെടുത്തൽ. എറണാകുളം കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് സ്വപ്‌ന മാധ്യമങ്ങളോട് പ്രതികരിച്ചത്.
”മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.എം രവീന്ദ്രൻ, മുൻമന്ത്രി കെ.ടി ജലീൽ, നളിനി നെറ്റോ എന്നിവരുടെ ഇടപെടലും ഇവർ എന്തൊക്കെ ചെയ്തെന്നുമുള്ളത് രഹസ്യമൊഴിയിൽ നൽകിയിട്ടുണ്ട്. 2016ൽ മുഖ്യമന്ത്രി ദുബൈയിൽ സമയത്താണ് ശിവശങ്കർ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. കോൺസുലേറ്റിൽ സെക്രട്ടറിയെന്ന നിലയ്ക്ക്. മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയിട്ടുണ്ട്, അത് എത്രയും പെട്ടെന്ന് ദുബൈയിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു.”-സ്വപ്‌ന വെളിപ്പെടുത്തി.
















