സര്‍ക്കാരില്‍ നിന്ന് എക്കാലവും ശമ്പളം വാങ്ങി ജീവിക്കാം എന്ന് കരുതുന്ന ഒരു വിഭാഗം ജീവനക്കാര്‍ കെഎസ്ആര്‍ടിസിയിലുണ്ട്. അവര്‍ തുടരെത്തുടരെ സമരങ്ങള്‍ നടത്തുന്നു. സമരത്തിലൂടെ ആവശ്യങ്ങള്‍ നേടിയെടുക്കാം എന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ ഇത്തരം നടപടികളിലൂടെ ജനങ്ങള്‍ കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് അകന്നുപോകുന്നു എന്ന യാഥാര്‍ഥ്യം മനസിലാക്കാന്‍ അവര്‍ തയ്യാറാകുന്നില്ലെന്നും രൂക്ഷ വിമര്‍ശനമുന്നയിച്ച് ഒരു വിഭാഗം ജീവനക്കാര്‍ക്കെതിരെ ഹൈക്കോടതിയില്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്.
ശമ്പളം നല്‍കുന്നതിലല്ല, മറിച്ച്, പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് വ്യക്തമാക്കി. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുന്‍പ് ശമ്പളം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് മാനേജ്‌മെന്റ് നിലപാട് അറിയിച്ചത്.
26,000 ജീവനക്കാരാണ് കെ.എസ്.ആര്‍.ടി.സിയില്‍ ഉള്ളത്. 42,000 പെന്‍ഷന്‍കാരുണ്ട്. ഇവര്‍ക്കെല്ലാം ശമ്പളം നല്‍കാന്‍ നിലവില്‍ സര്‍ക്കാരിനെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യമാണുള്ളത്. പെന്‍ഷന്‍ വിതരണത്തിന് മാത്രമായി കോടികള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സര്‍ക്കാരില്‍നിന്ന് വാങ്ങിക്കൊണ്ടിരിക്കുന്നു. കോവിഡിനെ തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി. വലിയ നഷ്ടത്തിന്റെ പടുകുഴിയിലേക്ക് കൂപ്പുകുത്തിയത്. പ്രതിവര്‍ഷം 1,500 കോടിരൂപയുടെ നഷ്ടമാണ് കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാകുന്നതെന്നും വരുമാനം ഉണ്ടായാല്‍ മാത്രമേ ശമ്പളം നല്‍കാനാകൂവെന്നും മാനേജ്മെന്റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
പ്രതിദിനം 4800 ഓളം സര്‍വീസുകള്‍ നടത്താനുള്ള സാഹചര്യം നിലവിലുണ്ട്. എന്നാല്‍ 3800 ഓളം സര്‍വീസുകള്‍ മാത്രമെ നടത്തുന്നുള്ളൂ. 600 ഓളം സര്‍വീസുകള്‍ നടത്താന്‍ കഴിയാതെ വരുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റ് വ്യക്തമാക്കുന്നു.
















