തിരുവനന്തപുരം: നെയ്യാറ്റിൻകര ആര്യങ്കോട് വാളേന്തി പ്രകടനം നടത്തിയ സംഭവത്തില്‍ ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന വാളുകൾ പിടികൂടി. വെള്ളറടയിലെ പ്രവർത്തകന്‍റെ വീട്ടിൽ നിന്നാണ് നാല് വാളുകളും ദണ്ഡും പിടികൂടിയത്. പിടിച്ചെടുത്ത വാളുകൾ ഫൊറൻസിക് പരിശോധനക്ക് ഹാജരാക്കി.
വാളേന്തിയ പെൺകുട്ടികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. തടിയിലുണ്ടാക്കിയ വാളുകളിൽ സ്പ്രേ പെയിന്‍റ് ചെയ്തതാണെന്ന് പൊലീസ് അറിയിച്ചു. ഈ വാളുകളാണോ പ്രകടനത്തിന്‍റെ ദൃശ്യങ്ങളിലുള്ളതെന്ന് വ്യക്തമാകാനാണ് ഫൊറൻസിക് പരിശോധന നടത്തുന്നത്.
വി.എച്ച്.പി പഠനശിബിരത്തിന്‍റെ ഭാഗമായി മേയ് 22നാണ് പെൺകുട്ടികൾ ആയുധമേന്തി റാലി നടത്തിയത്. പഠനശിബിരത്തിന്‍റെ ഭാഗമായി പദ സഞ്ചലനത്തിന് മാത്രമാണ് പൊലീസ് അനുമതി നൽകിയിരുന്നത്. സംഭവത്തില്‍ ആര്യങ്കോട് പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
പദസഞ്ചലനത്തിൽ മുൻ നിരയിലുണ്ടായിരുന്ന നാല് പെണ്‍കുട്ടികളുടെ കയ്യിലാണ് വാളുണ്ടായിരുന്നത്. എന്നാല്‍, പെൺകുട്ടികൾ ഉപയോഗിച്ചത് ആയുധമല്ലെന്നും തടികൊണ്ടുണ്ടാക്കിയ വാളിന്‍റെ മാതൃക മാത്രമാണ് പ്രകടനത്തിന് ഉപയോഗിച്ചതെന്നുമാണ് ഭാവാഹികളുടെ വിശദീകരണം.
















