തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ചൊവ്വാഴ്ച വെളിപ്പെടുത്തുമെന്ന് കേസിലെ പ്രതി സ്വപ്ന സുരേഷ്. തന്റെ ജീവനു ഭീഷണിയുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയോടു പറഞ്ഞു. നാളെയും മൊഴി നൽകും. അതിനുശേഷം മാധ്യമങ്ങളോടു കൂടുതൽ കാര്യങ്ങൾ പറയുമെന്നും സ്വപ്ന പറഞ്ഞു.
തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും സ്വപ്ന സുരേഷ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി നടത്തുന്ന അന്വേഷണത്തിലും സ്വപ്നയുടെ രഹസ്യ മൊഴിക്ക് പ്രാധാന്യമുണ്ട്.
സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട എറണാകുളത്തെ പ്രത്യേക കോടതിയാണ് സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. ജീവന് ഭീഷണിയുണ്ടെന്ന് നേരത്തെ എറണാകുളം ജില്ലാ കോടതിയെ അറിയിച്ചതിനെ തുടർന്ന് സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി നിർദേശിച്ചിരുന്നു. മൊഴി നൽകിയ ശേഷം പുറത്തിറങ്ങിയ സ്വപ്ന ജീവന് ഭീഷണിയുണ്ടെന്ന് മജിസ്ട്രേട്ടിനെ അറിയിച്ചതായി മാധ്യമങ്ങളോട് പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ ഏജൻസി സമ്മർദ്ദം ചെലുത്തിയെന്ന് സ്വപ്ന പറയുന്നതായി നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ജയിലിൽ നിന്നിറങ്ങിയ ശേഷം അങ്ങനെ പറഞ്ഞത് പൊലീസ് സമ്മർദ്ദം ചെലുത്തിയത് കൊണ്ടാണെന്ന് സ്വപ്ന തിരുത്തി. ഇതേതുടർന്ന് ഇഡി എടുത്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. തെളിവ് നശിപ്പിക്കൽ, കേസ് അട്ടിമറിക്കാൻ ശ്രമിക്കൽ എന്നീ കാര്യങ്ങളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.
















