പോപ്പുലർ ഫ്രണ്ട് നേതാക്കളെ സർക്കാർ കള്ളക്കേസിൽ കുടുക്കുന്നുവെന്ന് ആരോപിച്ച് ക്ലിഫ് ഹൗസിലേക്ക് പോപ്പുലർ ഫ്രണ്ട് നടത്തിയ മാർച്ചിൽ സംഘർഷം. . ദേവസ്വം ബോർഡ് ജംങ്ഷനിൽ വെച്ചാണ് സംഘർഷമുണ്ടായത്. മാർച്ചിന് നേരെ പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.1500ഓളം പ്രവർത്തകരാണ് മാർച്ചിൽ അണിനിരന്നിരിക്കുന്നത്. പോലീസ് ബാരിക്കേഡിനെ മറികടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനു കാരണം.
ജലപീരങ്കിയാണ് ആദ്യം പോലീസ്പ്രയോഗിച്ചത്. എന്നാൽ പ്രവർത്തകർ പ്രദേശത്ത് നിന്നും നീങ്ങാത്തതിനെ തുടർന്ന് കണ്ണീർ വാതകം പ്രയോഗിക്കുകയായിരുന്നു. കിഴക്കേക്കോട്ട ഭാഗത്ത് നിന്ന് ആണ് പ്രകടനം വന്നത്. ദേവസ്വംബോർഡ് ജംങ്ഷനിൽ ബാരിക്കേഡ് വെച്ചതിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഇരച്ചെത്തുകയും പിന്നാലെ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിക്കുകയുമായിരുന്നു.
നിലവിൽ പ്രവർത്തകർ ക്ലിഫ് ഹൗസിന് മുന്നിൽ കുത്തിയിരിപ്പ് പ്രതിഷേധം നടത്തുകയാണ് . . സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് അധിക പോലീസ് സേനയെ വിന്യസിക്കും.
ആലപ്പുഴയിലെ പത്ത് വയസ്സുകാരന്റെ കൊലവിളി പ്രസംഗത്തെ തുടർന്ന് 30ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് പോപ്പുലർ ഫ്രണ്ട് മാർച്ച് നടത്തിയത് .
















