ഇരട്ടച്ചങ്കനല്ല, യഥാർത്ഥ ലീഡർ വി.ഡി. സതീശനാണെന്നാണ് വിശേഷിപ്പിച്ച് തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വലിയ ഫ്ലക്സ് ബോർഡുകൾ.ഇത് ആരാണ് സ്ഥാപിച്ചതെന്ന് ഫ്ലക്സ് ബോർഡിലില്ല. സംസ്ഥാന കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇതുവരെയുള്ള ചരിത്രത്തിൽ ഒരേയൊരു ലീഡറേ ഉണ്ടായിട്ടുള്ളൂ. അത് മുൻമുഖ്യമന്ത്രി കെ. കരുണാകരനാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ എല്ലാ ക്രഡിറ്റും സതീശന് നൽകുന്ന തരത്തിലാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.ഒറ്റച്ചങ്കേയുള്ളൂ, ഒരു നിലപാടേയുള്ളൂ, നിലപാടുള്ളയാൾ വി.ഡി. സതീശൻ എന്നെഴുതിയ ഫ്ലക്സ് ബോർഡുകളും പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്.
തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം പ്രതിപക്ഷ നേതാവ് ഇന്ന് തിരുവനന്തപുരത്തേയ്ക്ക് എത്തുകയാണ്. വലിയ സ്വീകരണം നൽകാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ് പ്രവർത്തകരും. തൃക്കാക്കരയിൽ തോറ്റാൽ അതിന്റെ പൂർണ ഉത്തരവാദിത്തം തനിക്കാണെന്ന് വി.ഡി. സതീശൻ പറഞ്ഞിരുന്നു. പ്രചാരണത്തിന്റെ നേതൃത്വവും അദ്ദേഹം തന്നെയാണ് നേരിട്ട് ഏറ്റെടുത്തിരുന്നത്.
















