തിരുവനന്തപുരം: ഭക്ഷ്യ വിഷബാധയുണ്ടായ വിഴിഞ്ഞത്തെ എൽ എം എൽ പി സ്കൂളിലെ രണ്ട് കുട്ടികളിൽ നോറോ വൈറസ് സാന്നിധ്യം കണ്ടെത്തി. തീരദേശ മേഖലയായ വിഴിഞ്ഞത്തെ സ്കൂളിൽ നിന്ന് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ കുട്ടികളുടെ മലം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ രണ്ട് പേരിലാണ് നോറോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.
വൈകീട്ട് മൂന്നിന് വിദ്യാഭ്യാസ മന്ത്രിയും ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രിയും കൂടിക്കാഴ്ച്ച നടത്തും. സ്കൂളുകളിലേക്ക് അരി കൊടുക്കുന്നതിന് മുൻപായി പരിശോധിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.
പ്രധാനമായും മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ പ്രതലങ്ങളിലൂടെയോ പകരുന്ന അതിവ്യാപന ശേഷിയുള്ള വൈറസാണ് നോറോ. രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെയും അണുബാധയുണ്ടാകാമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. അണുബാധ ആമാശയത്തെയും കുടലുകളെയും ബാധിച്ച് അക്യൂട്ട് ഗ്യാസ്‌ട്രോഎൻട്രൈറ്റിസ് എന്ന രോഗാവസ്ഥയുണ്ടാക്കും. തുടർന്ന് 12 മുതൽ 48 മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.
പെട്ടെന്നുള്ള കടുത്ത ഛർദ്ദി, വയറിളക്കം എന്നിവയ്ക്ക് അണുബാധ കാരണമാകും. ഒന്നു മുതൽ മൂന്നുവരെ ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ മാറാമെങ്കിലും തുടർന്നുള്ള രണ്ടു ദിവസം വരെ വൈറസ് പടരാനുള്ള സാധ്യതയുണ്ട്. രോഗബാധിതരുടെ സ്രവങ്ങൾ വഴി പുറത്തെത്തുന്ന വൈറസ് പ്രതലങ്ങളിൽ തങ്ങിനിൽക്കും. അവിടങ്ങളിൽ സ്പർശിക്കുന്നവരുടെ കൈകളിലേക്കു വൈറസ് പടരും. കൈകൾ കഴുകാതെ മൂക്കിലും വായിലും തൊടുന്നതോടെ വൈറസ് ശരീരത്തിൽ വ്യാപിക്കും.
വിഴിഞ്ഞത്ത് ഇന്ന് 5 കുട്ടികൾ കൂടി അസ്വസ്ഥകതകളുമായി ചികിത്സ തേടി. ഉച്ചക്കട, കായംകുളം എന്നിവിടങ്ങളിലെ ഭക്ഷ്യവിഷബാധ സ്കൂളിലെ ഭക്ഷണത്തിൽ നിന്നുള്ള പ്രശ്നമല്ലെന്നാണ് സർക്കാർ പറയുന്നത്. ഈ സ്കൂളുകൾക്ക് പുറമെ കൊട്ടാരക്കര അംഗൻവാടിയിലും കുട്ടികളിൽ ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്താൻ ഇതുവരെ വകുപ്പുകൾക്കായിട്ടില്ല. ലാബുകളിലേക്കയച്ച ഭക്ഷ്യ സാംപിളുകളുടെ ഫലം കാത്തിരിക്കുകയാണ്. ഇന്ന് ലാബ് അവധിയായതിനാൽ നാളെയോ മറ്റന്നാളോ ഫലം കിട്ടും. കൊട്ടാരക്കരയിലെ അംഗൻവാടിയിൽ 35 കിലോ പുഴുവും ചെള്ളും നിറഞ്ഞ അരി കണ്ടെത്തിയിരുന്നു. മാർച്ചിൽ എത്തിയ ലോഡാണിതെന്നാണ് ജീവനക്കാർ പറഞ്ഞത്.
















