കണ്ണൂർ: സംരക്ഷിത വനംമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായി നിലനിർത്തണമെന്ന സുപ്രീം കോടതി വിധി ജനങ്ങളിൽ ആശങ്കയുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനവാസ മേഖലയെ ഒഴിവാക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഇക്കാര്യത്തിൽ അനുകൂല നിലപാടിനായി കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ വൃക്ഷ സമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുപ്രിംകോടതിയുടേത് വനസംരക്ഷണ ഉത്തരവ്. വനാതിർത്തി മേഖലയിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കും. ആശങ്ക പരിഹരിക്കാൻ നിയമപരമായ സാധ്യത വിശദമായി പരിശോധിക്കും. ഗൗരവത്തോടെ തുടർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സുപ്രിംകോടതിയുടെ വനവൽക്കരണത്തിന് അനുകൂലമായ തീരുമാനത്തെ സർക്കാർ അനുകൂലിക്കുന്നു. സർക്കാർ ഇതിനായി നേരത്തെ തന്നെ ഒരു പാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. പരിസ്ഥിതി ദുരന്തങ്ങളെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന രീതി കേരളത്തിൽ കാണുന്നു, അത് മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
















