തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ പ്രതിരോധ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തും.
പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയത്. സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സ്‌കൂളുകളിലെ ഭക്ഷ്യവസ്തുക്കളുടെ ശേഖരം, ഗുണനിലവാരം തുടങ്ങിയവ പരിശോധിക്കും. പഴയ സ്റ്റോക്ക് ഇല്ലെന്ന് ഉറപ്പുവരുത്താനും നിര്‍ദേശമുണ്ട്.
കായംകുളത്തും കൊല്ലം ഉച്ചക്കടയിലുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റത്. സംഭവത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രിക്ക് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമഗ്രമായ അന്വേഷണം നടത്താന്‍ മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശിച്ചത്.
















