കോട്ടയം: മണര്‍ക്കാട് സ്വദേശിനി അര്‍ച്ചനയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് ബിനു അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ബിനുവിനെ അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡനം അടക്കമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
അർച്ചനയുടെ മരണശേഷം ബിനുവിനെതിരേ പരാതിയുമായി കുടുംബാംഗങ്ങൾ എത്തിയിരുന്നു. ബിനുവിന് വ്യാപാര സ്ഥാപനം വിപുലപ്പെടുത്താൻ 25 ലക്ഷം രൂപ ആവശ്യപ്പെട്ട് നിരന്തരം അർച്ചനയെ മർദിക്കുമായിരുന്നെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു.
അർച്ചന വീട്ടിലെത്തിയാലും കുടുംബത്തോട് സംസാരിക്കാൻ സമ്മതിക്കില്ലെന്നും തങ്ങളുടെ മുന്നിൽ വച്ചും അർച്ചനയെ ബിനു മർദ്ദിച്ചിട്ടുണ്ടെന്നും സഹോദരിമാർ പറയുന്നു. രണ്ടര വർഷം മുമ്പായിരുന്നു ഓട്ടോ കൺസൾട്ടന്‍റായ ബിനുവും അർച്ചനയും തമ്മിലുള്ള വിവാഹം നടന്നത്.
ഏപ്രില്‍ മൂന്നാം തീയതിയാണ് അര്‍ച്ചനയെ ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെയും ഭര്‍തൃമാതാപിതാക്കളുടെയും പീഡനം കാരണമാണ് മകള്‍ ജീവനൊടുക്കിയതെന്നായിരുന്നു അര്‍ച്ചനയുടെ മാതാപിതാക്കളുടെ പരാതി.പലഘട്ടങ്ങളിലായി പണം നല്‍കിയെങ്കിലും കൂടുതല്‍ പണം ചോദിച്ച് ബിനു ഭാര്യയെ ഉപദ്രവിച്ചിരുന്നതായും പരാതിയുണ്ടായിരുന്നു. തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
















