കണ്ണൂർ: സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിര്‍ബന്ധമായും വേണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കേരളം. സുപ്രീം കോടതി വിധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വനം മന്ത്രി എകെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കണ്ണൂരിൽ ഉന്നതതല യോഗം പുരോഗമിക്കുകയാണ്.
സുപ്രീംകോടതി വിധി സംസ്ഥാനത്തുണ്ടാക്കുന്ന പ്രത്യാഘാതത്തിൽ പ്രാഥമിക വിലയിരുത്തൽ നടത്തും. തുടർ നടപടികളെ കുറിച്ചുള്ള നിയമോപദേശവും യോഗത്തിൽ ചർച്ചയാകും. സുപ്രീം കോടതി നിര്‍ദേശം കേരളത്തിൽ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കേരളാ സര്‍ക്കാരിന്‍റെ വിലയിരുത്തല്‍.
സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍നിന്ന് ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമായും വേണമെന്നും ഈ മേഖലയില്‍ ഒരു തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കാന്‍ പാടില്ലെന്നുമാണ് സുപ്രിംകോടതിയുടെ നിര്‍ദേശം. കേരളത്തിന്റെ നിലവിലെ സാഹചര്യത്തില്‍ വനമേഖലയോട് ചേര്‍ന്നുള്ള ജനവാസ മേഖലകള്‍ നിരവധിയാണ്.
സുപ്രിംകോടതി ഉത്തരവ് അനുസരിച്ച് ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കിയാല്‍ ജനവാസ കേന്ദ്രങ്ങളിലും കര്‍ശന നിയന്ത്രണങ്ങളുണ്ടാകും. ഇതോടെ കര്‍ഷകരടക്കം വലിയൊരു വിഭാഗം പ്രതിസന്ധിയിലാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രി തല യോഗം ചേരുന്നത്. വനം മന്ത്രി എകെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ കണ്ണൂരിലാണ് യോഗം. വിഷയത്തില്‍ അഡ്വക്കേറ്റ് ജനറലുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും.
ഉത്തരവ് കേരളത്തില്‍ പ്രായോഗികമല്ലെന്ന് സുപ്രിംകോടതിയെയും കേന്ദ്രസര്‍ക്കാരിനെയും അറിയിക്കാനാണ് കേരളത്തിന്റെ നീക്കം. പരിസ്ഥിതി ലോല മേഖലകളില്‍ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യമെന്ന് കഴിഞ്ഞ ദിവസം വനം മന്ത്രി എകെ ശശീന്ദ്രന്‍ തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രിയും പങ്കെടുത്തേക്കുമെന്നാണ് സൂചന.
















