കൊച്ചി: തൃക്കാക്കരയിലെ പരാജയം വിശദീകരിക്കാന്‍ ഇടതുമുന്നണി ഇന്ന് യോഗം ചേര്‍ന്നേക്കും. പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മന്ത്രിമാരും ഉള്‍പ്പെടെ നേതാക്കളെല്ലാം രംഗത്തിറങ്ങിയിട്ടും തൃക്കാക്കരയില്‍ വന്‍പരാജയം ഏറ്റുവാങ്ങേണ്ടിവന്നത് സി.പി.എമ്മിനെ കുഴയ്ക്കുന്നു.
സംഘടനാ സംവിധാനം പൂര്‍ണ്ണമായും ഉപയോഗിച്ചിട്ടും കനത്ത പാരാജയത്തിന്റെ കൈപ്പറിഞ്ഞത് എന്തുകൊണ്ടെന്ന് മുന്നണിയിലെ ഓരോ ഘടകകക്ഷികളും പരിശോധിക്കുവാന്‍ തീരുമാനം എടുത്തിട്ടുണ്ട്. സിപിഐഎമ്മിനെതിരെ സിപിഐ രംഗത്ത് വന്ന സാഹചര്യത്തില്‍ ഇടതു മുന്നണി യോഗം ഉടന്‍ ചേര്‍ന്നേക്കും. ഇടതു വിരുദ്ധവോട്ടുകള്‍ ഏകീകരിക്കപ്പെട്ടതിനും അപ്പുറം ഇടതു വോട്ടുകളുടെ ചോര്‍ച്ചയും നേതൃത്വം പരിശോധിക്കും.
ഇപ്പോഴത്തേതിന് സമാനസാഹചര്യമാണ് 2021-ലെ പൊതുതിരഞ്ഞെടുപ്പിലും തൃക്കാക്കരയില്‍ ഉണ്ടായിരുന്നത്. പാര്‍ട്ടി സ്ഥാനാര്‍ഥി വേണമെന്ന ആവശ്യം അന്നും കീഴ്ഘടകത്തില്‍നിന്ന് ഉണ്ടായിരുന്നു. അത് വകവെക്കാതെ സ്ഥാനാര്‍ഥിയായി അന്നും ഒരു ഡോക്ടറെ കണ്ടെത്തുകയായിരുന്നു. അന്ന് 14,329 വോട്ടിനായിരുന്നു പരാജയം. അതിന്റെ പേരില്‍ പാര്‍ട്ടി അന്വേഷണകമ്മിഷനെവെച്ച് തിരഞ്ഞെടുപ്പിന്റെ ചുമതലക്കാരായിരുന്ന ഏരിയാ സെക്രട്ടറി കെ.ഡി. വിന്‍സെന്റിനെയും ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന സി.കെ. മണിശങ്കറെയും പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. പ്രചാരണത്തില്‍ വേണ്ട രീതിയില്‍ പങ്കെടുത്തില്ലെന്നതായിരുന്നു ആരോപണം.
മണ്ഡലത്തിലെ 10 ലോക്കല്‍ കമ്മിറ്റികളുടെയും പ്രവര്‍ത്തനം മുഖ്യമന്ത്രിതന്നെയാണ് വിലിയിരുത്തി നിര്‍ദേശങ്ങള്‍ നല്‍കിയത്. എല്ലാം പുറമേനിന്ന് വന്നവരുടെ നിയന്ത്രണത്തിലായിരുന്നു. മണ്ഡലത്തിലെ താഴെത്തട്ടിലെ പ്രവര്‍ത്തകര്‍ക്ക് പ്രചാരണപരിപാടികളിലും മറ്റും വേണ്ട റോള്‍ ഉണ്ടായിരുന്നില്ല. പുറമേനിന്ന് വന്നവര്‍ യാന്ത്രികമായി നടത്തിയ വീടുകയറ്റവും മറ്റും യഥാര്‍ഥത്തില്‍ വോട്ടര്‍മാര്‍ ശല്യമായാണ് കണ്ടത്.
വോട്ടറുടെ മതവും ജാതിയും നോക്കി അതിനുപറ്റിയ നേതാവിനെ വോട്ടുപിടിക്കാന്‍ ഇറക്കിയതെല്ലാം സി.പി.എമ്മിന് കനത്ത തിരിച്ചടിയായി മാറുകയായിരുന്നു. സ്ഥാനാര്‍ഥിയെ സഭയുടെ ആളായി അവതരിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും പാളിപ്പോയി. ഘടകകക്ഷികള്‍ക്കും വലിയ റോളില്ലായിരുന്നു.
തൃക്കാക്കരയിലെ മിന്നും വിജയത്തിന്റെ ആരവം യു ഡി എഫ് ക്യാമ്പില്‍ കെട്ടടങ്ങിയിട്ടില്ലെങ്കിലും അപരസ്വരങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഡൊമനിക് പ്രസന്റേഷന്റെ രാജി ആവശ്യപ്പെട്ട് കൂടുതല്‍ പേര്‍ രംഗത്ത് വരാനുള്ള സാധ്യതയും നേതൃത്വം തളളികളയുന്നില്ല. വോട്ട് കുറഞ്ഞെങ്കിലും ബി ജെ പി ക്യാമ്പ് നിശബ്ദമാണ്. ബൂത്ത് തലസംഘടന സംവിധാനം പൊളിച്ചെഴുതിയിട്ടും എന്തുകൊണ്ട് വോട്ട് വിഹിതം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നതില്‍ വരും ദിവസങ്ങളില്‍ ബിജെപി നേതൃത്വത്തിനും ഉത്തരം കണ്ടെത്തേണ്ടി വരും.
















