ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് സംസ്ഥാന ട്രഷറർ കെ.എച്ച് നാസറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് ജനമഹാ സമ്മേളനത്തിനിടെ നടന്ന കുട്ടിയുടെ പ്രകോപന മുദ്രാവാക്യക്കേസിലാണ് നടപടി.
ആലപ്പുഴ സൗത്ത് പൊലീസ് ഉച്ചയ്ക്ക് കാഞ്ഞിരമറ്റത്തെത്തിയാണ് നാസറിനെ കസ്റ്റഡിയിലെടുത്തത്. കൊലവിളി മുദ്രാവാക്യം വിളിക്കുന്ന ഇയാളുടെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ സൗത്ത് പൊലീസ് കാഞ്ഞിരമറ്റത്തെത്ത ഇയാളെ കസ്റ്റഡിയിലെടുത്തത്. നാസറിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇതിന് ശേഷം ഞായറാഴ്ചയോടെ നാസറിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.
റാലി സംഘടിപ്പിച്ചതിൽ ഇയാൾക്ക് പങ്കുണ്ടോയെന്നകാര്യം അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. വിദ്വേഷ മുദ്രാവാക്യം ഏറ്റുവിളിക്കാനുള്ള സാഹചര്യവും, ഇയാളുടെ തീവ്രവാദ ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രകോപന മുദ്രാവാക്യം വിളിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 25ഓളം പ്രവർത്തകരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇന്നലെ രണ്ടുപേരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
















