കൊച്ചി: തൃക്കാക്കര തെരഞ്ഞെടുപ്പ് പരാജയത്തിൽ സിപിഎം ഉടൻ പരിശോധനയിലേക്ക് കടക്കും. തോൽവിയിൽ ജില്ലാ നേതൃത്വത്തിന് ഉത്തരവാദിത്തമല്ലെന്ന് ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ വ്യക്തമാക്കി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിലെ പാളിച്ച മുതൽ തെരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ വീഴ്ചകളിൽ വരെ പഴി കേൾക്കുന്നത് സംസ്ഥാന നേതാക്കളാണ്.
വോട്ട് എണ്ണൽ പൂർത്തിയാകും മുമ്പ് തന്നെ ജില്ലാ സെക്രട്ടറി പറഞ്ഞ വാക്കുകളിൽ എല്ലാമുണ്ട്. തുടക്കം മുതൽ ഒടുക്കം വരെ ജില്ലാ നേതൃത്വത്തെ മറികടന്ന് സംസ്ഥാന നേതാക്കൾ എടുത്ത തീരുമാനങ്ങളുടെ കൂടി പരാജയമാണ് തെരഞ്ഞെടുപ്പ് തോൽവി. സിറോ മലബാർ സഭയുമായി ധാരണയിലെത്തി നാടകീയമായി ഡോക്ടർ ജോ ജോസഫിനെ രംഗത്തിറക്കിയത് പി.രാജീവിന്‍റെ തന്ത്രമായിരുന്നു. കനത്ത തോൽവിയുടെ ഉത്തരവാദിത്തവും മന്ത്രിയിൽ തന്നെ എത്തിനിൽക്കുന്നു.
















