തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം ആശങ്ക പരത്തി വീണ്ടും കോവിഡ് എത്തുന്നു. കേരളത്തിലെ 11 ജില്ലകളിലും കോവിഡ് കേസുകള്‍ വർധിക്കുകയാണെന്നും ശക്തമായ ഇടപെടൽ സർക്കാർ നടത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. പാലക്കാട്, കാസർകോട്, തൃശൂർ ഒഴികെയുള്ള എല്ലാ ജില്ലകളിലും കോവിഡ് കേസുകൾ കൂടുകയാണെന്ന് കേന്ദ്രമയച്ച കത്തിൽ വിശദീകരിക്കുന്നു.
രാജ്യത്ത് പുതിയ കോവിഡ് കേസുകളിൽ 31.14 ശതമാനവും കേരളത്തിൽ നിന്നാണ്. അവസാന ആഴ്ച കേരളത്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.2 ശതമാനത്തിൽനിന്നും 7.8 ശതമാനമായി ഉയർന്നു. മേയ് 27–ാം തീയതിക്കു മുൻപുള്ള 7 ദിവസങ്ങളിൽ ആകെ കേസുകളുടെ എണ്ണം 4139 ആയിരുന്നെങ്കിൽ മേയ് 27 മുതൽ ജൂൺ മൂന്നുവരെയുള്ള ദിവസങ്ങളിൽ കേസുകളുടെ എണ്ണം 6,556 ആയി.
27 ജൂൺ മുതൽ മെയ് 2 വരെ വിവിധ ജില്ലകളിൽ റിപ്പോർട്ട് ചെയ്ത കേസുകൾ ഇങ്ങനെയാണ്:
എറണാകുളം–2063, തിരുവനന്തപുരം–989, കോട്ടയം–800, കോഴിക്കോട്–579, പത്തനംതിട്ട–346, ഇടുക്കി–243, ആലപ്പുഴ–213, കൊല്ലം– 209, കണ്ണൂർ– 98, മലപ്പുറം–95, വയനാട്–51.
കോവിഡ് കേസുകൾ തടയാൻ കേന്ദ്രം പുറത്തിറക്കിയ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കേന്ദ്രം നിർദേശിച്ചു. കോവിഡ് വ്യാപനത്തിൽ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയത്. കേരളത്തിനു പുറമെ തമിഴ്നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്കാണു കേന്ദ്രം നിർദേശം നൽകിയത്. രാജ്യത്ത് 4,041 പേർക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. 10 മരണം റിപ്പോർട്ട് ചെയ്തു.
















