കൊച്ചി: കേരളക്കര വളരെ ആവേശത്തോടെ കാത്തിരുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ ഉമ തോമസ് ചരിത്ര വിജയത്തിലേക്ക്. ഒടുവിൽ റിപ്പാേർട്ട് കിട്ടുമ്പോൾ പന്ത്രണ്ടായിരത്തിലധികം വോട്ടുകൾക്ക് ഉമ മുന്നിലാണ്. ആറ് റൗണ്ടുകളാണ് ഇതുവരെ എണ്ണിയത്.
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ ഓരോ ഘട്ടത്തിലും ലീഡ് ഉയര്‍ത്തിക്കൊണ്ടുള്ള ഉമാ തോമസിന്റെ കുതിപ്പ് യു ഡി എഫ് പ്രതീക്ഷകളെപ്പോലും മറികടക്കുകയായിരുന്നു. ആദ്യത്തെ മൂന്ന് റൗണ്ടുകൾ എണ്ണിത്തീർന്നപ്പോൾ തന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പി ടി തോമസ് നേടിയതിന്റെ ഇരട്ടിയോളം ലീഡാണ് ഉമ നേടിയത്. തുടക്കത്തിൽ യു ഡി എഫ് ശക്തികേന്ദ്രങ്ങളിലെ വോട്ടുകളാണ് എണ്ണിയത്. ഇതുകഴിയുമ്പോൾ തങ്ങൾ മുന്നോട്ടുവരും എന്നായിരുന്നു എൽ ഡി എഫ് കണക്കുകൂട്ടൽ. എന്നാൽ ഒരു ബൂത്തിൽപ്പോലും എൽ ഡി എഫിന് ലീഡ് നേടാനായില്ല. ബി ജെ പിക്കും പ്രതീക്ഷിച്ചത്ര വോട്ടുകൾ നേടാൻ സാധിച്ചിട്ടില്ല.
















