കൊച്ചി: കേരളം ഏറെ കാത്തിരുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ ലീഡ് യു.ഡി.എഫിന്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ഉമ തോമസാണ് മുന്നില്‍. മൂന്ന് പോസ്റ്റല്‍ വോട്ടുകള്‍ യു.ഡി.എഫും രണ്ടെണ്ണം എല്‍.ഡി.എഫും ഒരു വോട്ട് ബി.ജെ.പിയും സ്വന്തമാക്കി. മൂന്ന് വോട്ടുകള്‍ അസാധുവായിട്ടുണ്ട്. വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങി. 12 റൗണ്ടുകളായാണ് വോട്ടെണ്ണല്‍.
മണ്ഡലത്തിലെ പോളിങ് ശതമാനം 68.77 ആണ്. മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 1,96,805 ആണ്. 101530 സ്ത്രീ വോട്ടര്‍മാരും 95274 പുരുഷ വോട്ടര്‍മാരുമാണുള്ളത്. വോട്ട് രേഖപ്പെടുത്തിയവരാകട്ടെ 1,35,342 പേരാണ്. 68175 സ്ത്രീകളും 67166 പുരുഷന്മാരും വോട്ട് ചെയ്തു. ട്രാൻസ്ജെൻഡർ വിഭാഗത്തില്‍ ഒരാളാണ് വോട്ട് ചെയ്തത്.
















